ഒറ്റ നോട്ടത്തിലൂടെ പ്രേക്ഷകന്റെ മനസിലേക്ക് കയറാൻ കഴിഞ്ഞിരുന്ന നടനാണ് ഇർഫാൻ. ഇങ്ങനെയൊരു കഴിവ് ലോക സിനിമയിൽ അപൂവം ചിലർക്കേയുള്ളൂ. നൂറു വാക്ക് പറയുന്നതിനും മേലെയാണ് ആ ഒരു നോട്ടം. 'സ്ലംഡോഗ് മില്യനയറിൽ' അത് കാണാം. അത്രമാത്രമുണ്ട് ആത്മസമർപ്പണം. അതുകൊണ്ടാണ് അദ്ദേഹം ഇന്റർനാഷണൽ ആക്ടറായത്. 'ഹിന്ദി മീഡിയം' എന്ന സിനിമ കണ്ടപ്പോഴും എനിക്കതാണ് തോന്നിയത്.
കഥാപാത്രത്തിന്റെ പൂർണതയ്ക്ക് അദ്ദേഹം മനസിലാക്കിയ ജീവിതത്തിൽ നിന്നുകൊണ്ട് എന്തു പുതിയതായി നൽകാമെന്ന ചിന്തയാണ് കഥാപാത്രങ്ങളെ വേറിട്ടതാകുന്നത്.
'ലഞ്ച് ബോക്സ്' ഉൾപ്പെടെയുള്ള സിനിമകളിൽ കഥാപാത്രത്തിന്റെ ഓരോ സെക്കൻഡിലുമുള്ള വേവലാതികൾ അദ്ദേഹത്തിന്റെ കണ്ണിൽ കാണാമായിരന്നു.'സ്റ്റാർട്ടി 'നും 'കട്ടി' നുമിടയ്ക്ക് അഭിനയം കൊണ്ടു പോകുന്നവരുടെ കൂട്ടത്തിലുള്ള അളല്ല ഇർഫാൻ . കട്ട് പറഞ്ഞാലും ഈ മനുഷ്യന് ആ സിനിമ ചെയ്തു തീരുന്നകാലത്തോളം കഥാപാത്രത്തിന്റെ മനസു തന്നെയായിരിക്കും ഉണ്ടാവുക. അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞ് ഞാൻ വായിച്ചിട്ടുള്ളത് ഇദ്ദേഹം ഷൂട്ട് കഴിഞ്ഞ് വന്നാലും സ്ക്രിപ്റ്റ് വായിച്ചും. ഡയലോഗ് പറഞ്ഞുമിരിക്കുമെന്നാണ്.
'ബോക്‌ഷു, ദി മിത്ത്' എന്ന പേരിൽ ശ്യാമപ്രസാദ് ചെയ്തൊരു ഇംഗ്ലീഷ് ചിത്രമുണ്ട്. 2002ൽ ചെയ്ത ചിത്രമാണ്. ഈ നടൻ ആര് എന്ത് എന്നറിയുന്നത് ഈ ചിത്രത്തിലൂടെയാണ്. ഭയങ്കര രസകരമായിട്ടാണ് താന്ത്രിക് വേഷം ചെയ്തിരിക്കുന്നത്. കഥകളിലെ വഴികളിലൂടെ കൃത്യമായിട്ട് കടന്നു പോകുന്ന ഒരു മനുഷ്യൻ. അതൊരു വല്ലാത്ത അനുഭവമായിരുന്നു.
പത്തുപന്ത്രണ്ട് വർഷത്തോളം ആരും അറിയപ്പെടാത്ത വേഷങ്ങളിലൂടെ കടന്നു പോയി. 'മഗ്ബൂൽ' മുതലാണ് ഈ മനുഷ്യനെ ആളുകൾ കൃത്യമായി തിരിച്ചറിയുന്നത്.
ലഞ്ച് ബോക്സ്, പാൻസിങ് തൊമാർ... ഇത്തരം സിനിമകളിലെല്ലാം ഈ നടൻ നമ്മെ അത്ഭുതപ്പെടുത്തും.
മുഖ്യധാരാ സിനിമകൾക്കും സമാന്തര സിനിമകൾക്കും ഇടയിൽ നിന്നിരുന്ന നസറുദ്ദീൻ ഷായെ പോലെയും ഓംപുരിയെ പോലെയുമുള്ള അഭിനേതാക്കൾക്കൊപ്പവും അമിതാഭ് ബച്ചനൊപ്പവുമൊക്കെ ഈ മനുഷ്യൻ ചെയ്ത വേഷങ്ങൾ ശ്രദ്ധിച്ചാൽ ഒരു കാര്യം മനസിലാകും. ഏറ്റവും വലിയനടൻ എന്നു കരുതുന്ന നടനൊപ്പം അഭിനയിക്കുമ്പോൾ പോലും ഇർഫാൻ സ്വന്തമാക്കുന്ന നടന്റെ ഇടം. കഥാപാത്രത്തിന്റെ മനസ് സ്വന്തം ശരീരത്തിലേക്കു മനസിലേക്കും കൊണ്ടു വരുന്ന തരത്തിലുള്ള പെർഫോമൻസ്. ചുരുക്കം ചിലർക്കേ അങ്ങനെ ഉൾക്കൊണ്ട് ചെയ്യാൻ സാധിക്കൂ.
.