vazha

കിളിമാനൂർ: കഴിഞ്ഞ ദിവസം പെയ്ത മഴയും ഒപ്പം വീശിയടിച്ച കാറ്റും തകർത്തത് യുവകർഷകന്റെ സ്വപ്നങ്ങൾ. മുളയ്ക്കലത്തുകാവ്, പുതുമംഗലം എസ്.എസ് ലാന്റിൽ സമീറിന്റെ മൂന്നര ഏക്കറിലുള്ള മൂവായിരത്തോളം കുലച്ച നേന്ത്ര വാഴകളാണ് കാറ്റിൽ ഒടിഞ്ഞു വീണത്. സ്വകാര്യ വ്യക്തികളിൽ നിന്നും 6 ലക്ഷത്തോളം രൂപ കടം വാങ്ങിയാണ് കിളിമാനൂർ പഞ്ചായത്തിൽപ്പെട്ട 15 ഏക്കറിലധികം പാട്ടത്തിനെടുത്ത ഭൂമിയിൽ വാഴക്കൃഷി തുടങ്ങിയത്. കഴിഞ്ഞവർഷം കിസാൻ ക്രെഡിറ്റ് കാർഡ് വഴി 6 ലക്ഷം രൂപ വായ്പയെടുത്ത് പച്ചക്കറി കൃഷി നടത്തിയെങ്കിലും കടുത്ത വരൾച്ചയെ തുടർന്ന് മുഴുവനും നശിച്ചുപോയി. തുടർന്ന് നാശനഷ്ടത്തിന്റെ ആനുകൂല്യം നേടുന്നതിനായി ബന്ധപ്പെട്ടവർക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.

കൃഷിയോടുള്ള ഒടുങ്ങാത്ത അഭിനിവേശമാണ് വീണ്ടും വിവിധ കൃഷികളിലേക്ക് സമീറിനെ കൊണ്ടെത്തിക്കുന്നത്. കഴിഞ്ഞവർഷം കിട്ടിയ വായ്പ തിരിച്ചടവ് മുടങ്ങുകയും ഈ വർഷം കടം വാങ്ങിയ തുകയും കൂടിയാകുമ്പോൾ വലിയ കടക്കെണിയിലാകുകയാണ് ഈ യുവകർഷകൻ. വാഴകൃഷി നശിച്ചതോടെ തന്റെ സ്വപ്നങ്ങൾ തകർന്ന നിരാശയിലാണെങ്കിലും സർക്കാരിൽ നിന്നും എന്തെങ്കിലും സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സമീർ. കൃഷി നാശം ശ്രദ്ധയിൽപ്പെട്ടതോടെ കിളിമാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദേവദാസ്, കൃഷി ഓഫീസർ നസീമ ബീവി, അസിസ്റ്റന്റ് കൃഷി ഓഫീസർ ജോയി തുടങ്ങിയവർ സ്ഥലം സന്ദർശിച്ച് അധികാരികൾക്ക് റിപ്പോർട്ട് നൽകി.