വെള്ളറട: ചാരായ റെയ്ഡിനെത്തിയ എക്സൈസ് ഇൻസ്പെക്ടർ ഉൾപ്പെട്ട സംഘത്തെ ആക്രമിച്ച് പ്രതിയെ മോചിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന അഞ്ചു പ്രതികൾ കൂടി ആര്യങ്കോട് പൊലീസിന് കീഴടങ്ങി. ഒന്നാം പ്രതി സജികുമാറിന്റെ മക്കളായ വട്ടപ്പറമ്പ് റോഡരികത്ത് വീട്ടിൽ രണ്ടാം പ്രതി സന്ദീപ് കുമാർ (22), നാലാം പ്രതി സജയകുമാർ (20), വട്ടപ്പറമ്പ് റോഡരികത്ത് വീട്ടിൽ കേസിലെ ആറാം പ്രതി ഷിജിൻ ജോസ് (26), വട്ടപ്പറമ്പ് പഞ്ചമി ഭവനിൽ ഏഴാം പ്രതി സജൻലാൽ (27), വട്ടപ്പറമ്പ് വിനീത് ഭവനിൽ എട്ടാം പ്രതി വിനീത് (28) എന്നിവരാണ് കീഴടങ്ങിയത്. കേസിലെ ഒന്നാം പ്രതി ഉൾപ്പെടെ മൂന്നുപേർ പിടിയിലാവുകയും അഞ്ചാം പ്രതി സത്യൻ ആന്മഹത്യചെയ്യുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികൾ സ്റ്റേഷനിൽ കീഴടങ്ങിയതെന്ന് സി.ഐ പ്രദീപ് പറഞ്ഞു. ഇവരെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി. കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.