ജയ്പൂർ: കോടതി സംബന്ധമായോ മറ്റ് നിയമപരമായ കാര്യങ്ങളിലോ വ്യക്തിയുടെ ജാതി പരാമർശിക്കരുതെന്ന് രാജസ്ഥാൻ ഹൈക്കോടതി. ഭരണപരമായ കാര്യങ്ങളിൽ വ്യക്തിയുടെ ജാതി പരാമർശിക്കുന്നത് ഇന്ത്യൻ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് ഹൈക്കോടതി പറഞ്ഞു. ജാതിയില്ലാത്ത സമൂഹത്തിനായി സർക്കാർ പരിശ്രമിക്കേണ്ട സമയം അതിക്രമിച്ചുവെന്നും കോടതി വ്യക്തമാക്കി.
2018ലെ വിധി പരാമർശിച്ചു കൊണ്ടാണ് രാജസ്ഥാൻ കോടതി പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കേസിൽ പ്രതി ചേർക്കപ്പെട്ടവരുൾപ്പെടെയുള്ളവരുടെ ജാതി പരാമർശിക്കുന്നതായി കോടതിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കോടതി ഉദ്യോഗസ്ഥർ, പ്രിസൈഡിംഗ് ഓഫീസർമാർ, പ്രത്യേക കോടതിയിലെ ട്രിബ്യൂണലുകളിൽ ഉള്ളവർ എന്നിവർ ജാതി പരാമർശിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് ഇന്ത്യൻ ഭരണ ഘടനക്കെതിരാണെന്ന് കോടതി വ്യക്തമാക്കി.
അതിനാൽ പ്രതികളടക്കമുള്ള ഏതെങ്കിലും വ്യക്തിയുടെ ജാതി കോടതി സംബന്ധമായോ മറ്റ് നിയമപരമായ കാര്യങ്ങളിലോ ഉൾപ്പെട്ടിട്ടില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് അധികൃതരുടെ കർത്തവ്യമാണെന്ന് കോടതി വ്യക്തമാക്കി.