ആറ്റിങ്ങൽ: ലോക്ക് ഡൗൺ ലംഘിച്ച് ആലംകോട് മാർക്കറ്റിനു സമീപം മത്സ്യ വില്പനയ്ക്ക് ശ്രമം, ഒരു ലോറിയും മത്സ്യവും നഗരസഭയും റവന്യൂ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തു. രാത്രി കാലങ്ങളിൽ ഇവിടെ അനധികൃത മത്സ്യ വില്പന നടക്കുന്നതായി പരാതി ലഭിച്ചതിനെ തുടന്നായിരുന്നു റെയ്ഡ്. കൊവിഡ് വ്യാപനം തടയാനായി ലോക്ക് ഡൗൺ ആരംഭിക്കും മുൻപ് നഗരസഭ ആലംകോട് മാർക്കറ്റ് അടച്ചിരുന്നു. എന്നാൽ നിയമ പാലകരുടെ കണ്ണ് വെട്ടിച്ച് രാത്രി കാലങ്ങളിൽ അനധികൃത മത്സ്യ വിപണനം ഇവിടെ പതിവായിരുന്നു. അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സ്യമാണ് ഇവിടെ വിൽക്കുന്നത്. ഇത്തരം വില്പന പാടില്ലെന്ന് കഴിഞ്ഞ ദിവസവും നഗരസഭ കമ്മിഷൻ ഏജന്റുമാർക്ക് നോട്ടീസ് നൽകിയിരുന്നു. ഇത് വക വയ്ക്കാതെ മത്സ്യം എത്തിക്കുകയായിരുന്നു.