തിരുവനന്തപുരം: ഡ്യൂട്ടിക്കെത്തുന്ന ജീവനക്കാർക്ക് ബസ് സൗകര്യം ഏർപ്പെടുത്താൻ കേരള സർവകലാശാല സിൻഡിക്കേറ്ര് തീരുമാനിച്ചു. കൊവിഡ് പ്രതിരോധത്തിന് സർവകലാശാലയുടെ ലബോറട്ടറികളും ഹോസ്റ്റൽ ഉൾപ്പെടെയുള്ള സൗകര്യങ്ങളും സർക്കാരിന് വിട്ടുനൽകും. ഇതരസംസ്ഥാനങ്ങളിൽ ഗവേഷണ, പഠന ആവശ്യങ്ങളുമായി പോയി ലോക്ക് ഡൗണിൽ പെട്ടുപോയ സർവകലാശാലാ പഠനവകുപ്പുകളിലെ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും തിരിച്ചെത്തിക്കുന്നതിന് അടിയന്തര സഹായം നൽകണമെന്ന് സിൻഡിക്കേറ്ര് സർക്കാരിനോട് അഭ്യർത്ഥിച്ചു. കാര്യവട്ടം ഹോസ്റ്റലിൽ പെട്ടുപോയ വിദ്യാർത്ഥികളെ ലോക്ക് ഡൗൺ തീർന്നാലുടൻ വീടുകളിലെത്തിക്കും. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് സിൻഡിക്കേറ്റ് യോഗം ചേർന്നത്. നേരിട്ട് പങ്കെടുക്കാനാകാത്തവർക്കായി ഓൺലൈൻ സംവിധാനവും ഏർപ്പെടുത്തിയിരുന്നു.