ആറ്റിങ്ങൽ: ലോക്ക് ഡൗണിൽ മടിച്ചിരിക്കാതെ കുട്ടികൾക്കും മുതിർന്നവർക്കും ആവേശം പകർന്ന് സിനിമാ സീരിയൽ താരമായ അനീഷ് രവി. നിരവധി സീരിയലുകളിലും ലൈവ് ഷോകളിലും ജനഹൃദയം കീഴടക്കിയ അനീഷ് കൗമുദി ടി.വിയിൽ അളിയൻസ് എന്ന പരമ്പരയിലും അഭിനയിക്കുന്നുണ്ട്. ലോക്ക് ഡൗൺ ദിവസങ്ങളിൽ എങ്ങനെ വ്യത്യസ്‌തമായ പരിപാടി അവതരിപ്പിക്കാമെന്ന് ആലോചനയാണ് ഫേസ്ബുക്ക് ലൈവിലെത്തിയത്. എല്ലാ ദിവസവും ഉച്ചയ്ക്ക് 2ന് ഫേസ്ബുക്ക് ലൈവിൽ കുട്ടികൾക്കും മുതിർന്നവർക്കും പ്രചോദനമാകുകയാണ് അനീഷ്. കൊച്ചു കൊച്ചു കഥകളും ഓരോ ദിവസത്തെ പ്രത്യേകതകളും ചോദ്യങ്ങളും സമ്മാനങ്ങളുമായി വ്യത്യസ്‌തമാണ് പരിപാടി. എല്ലാ ദിവസവും ഓരോ ചോദ്യമുണ്ടാകും. ഉത്തരം ആദ്യം പറയുന്ന കുട്ടിക്ക് ലോക് ഡൗൺ തീരുമ്പോൾ അനീഷിനൊപ്പം ഭക്ഷണം കഴിക്കാൻ അവസരമുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന അഞ്ചുപേർക്ക് സ്വർണ നാണയവും സമ്മാനമായി നൽകുന്നുണ്ട്. മാർച്ച് 25ന് ആരംഭിച്ച പ്രോഗ്രാമിന് ഒരു മാസം പിന്നിട്ടപ്പോൾ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിറയിൻകീഴ് മഞ്ചാടിമൂട് ചേനവിള വീട്ടിൽ രവീന്ദ്രന്റെയും അംബുജാക്ഷിയുടെയും മകനായ അനീഷ് രവി ഭാര്യ ജയലക്ഷ്‌മിക്കും മക്കളായ അദ്വൈതി, അദ്വിക എന്നിവർക്കൊപ്പം തിരുവനന്തപുരം മണ്ണന്തലയിലെ ഫ്ലാറ്രിലാണ് താമസം.