സോൾ: ഉത്തര കൊറിയൻ ഭരണാധികരി കിം ജോംഗ് ഉന്നിന്റെ കഥയിൽ വീണ്ടുമൊരു ട്വിസ്റ്റ്. ഇത്തവണ കിം മരിച്ചോ ഇല്ലയോ എന്നതല്ല, മറിച്ച് കിം അല്ലെങ്കിൽ ഇനി ആരാകും ഉത്തര കൊറിയ ഭരിക്കാൻ പോകുന്നതെന്ന കാര്യമാണ് ചർച്ചകളിൽ ഇടം നേടുന്നത്. കിമ്മിന്റെ സഹോദരിയായ കിം യോ ജോംഗിനെയാണ് അടുത്ത ഭരണാധികാരിയായി ഏറ്റവും കൂടുതൽ പരിഗണിക്കപ്പെടുന്നത്. എന്നാൽ ഇതിന് സാദ്ധ്യത കുറവാണെന്ന് വിലയിരുത്തലുണ്ട്. യഥാസ്ഥിതിക ചിന്താഗതിക്കാരായ കൊറിയൻ നേതാക്കൾ ഒരു സ്ത്രീ അധികാരത്തിലെത്താൻ അനുവദിക്കില്ലാത്രെ. അതേ സമയം, അപകടകാരിയായ ഈ സഹോദരിയാണ് എല്ലാ കാര്യങ്ങൾക്കും കിമ്മിന്റെ പിന്നിൽ നിന്നും സഹായിക്കുന്നത്. 30 വയസ് മാത്രമുള്ള സ്ത്രീ ആയതിനാൽ കിം യോ ജോംഗിനെ കിമ്മിന്റെ പിന്മാഗിയാക്കില്ലെന്നാണ് ഉത്തര കൊറിയയുടെ ഇംഗ്ലണ്ടിലെ മുൻ ഡെപ്യൂട്ടി അംബാസിഡറായ തേ യോംഗ് ഹോ പറയുന്നത്. തേ യോംഗ് ഹോ 2016ൽ ഉത്തര കൊറിയ വിട്ട് ദക്ഷിണ കൊറിയയിലേക്ക് നാടുകടക്കുകയായിരുന്നു.
ഇനി ഒരു പക്ഷേ, കിം യോ ജോംഗിന്റെ കൈകളിൽ അധികാരം എത്തിയാൽ തന്നെ രാഷ്ട്രീയ പോരിനിടയാക്കും. അതൊഴിവാക്കി അധികാരം കൈപിടിയിൽ ഒതുക്കാൻ കെൽപ്പുള്ള ശക്തനായ മറ്റാരെങ്കിലും കിം കുടുംബത്തിലുണ്ടോ.? ഉണ്ട്.... കിമ്മിന്റ അമ്മാവൻ കിം പ്യോംഗ് ഇൽ !.
40 വർഷത്തെ ഇടവേളയ്ക്ക് ശേഷം....
40 വർഷത്തെ വിദേശ വാസത്തിന് ശേഷം ഉത്തര കൊറിയയിൽ തിരിച്ചെത്തിയിരിക്കുകയാണ് കിമ്മിന്റെ പിതാവ് കിം ജോംഗ് ഇല്ലിന്റെ അർദ്ധ സഹോദരൻ കിം പ്യോംഗ് ഇൽ. ഉത്തര കൊറിയയുടെ സ്ഥാപകനും കിം ജോംഗ് ഉന്നിന്റെ മുത്തച്ഛനുമായ കിം ഇൽ സൂംഗിന്റെ മക്കളിൽ ജീവിച്ചിരിക്കുന്നവരിൽ ഒരേ ഒരാളാണ് 65 കാരനായ കിം പ്യോഗ് ഇൽ. അധികാര തർക്കങ്ങളെ തുടർന്ന് 1970ൽ പ്യോംഗ് നാടുവിടുകയായിരുന്നു. ശേഷം ഹംഗറി, ബൾഗേറിയ, ഫിൻലൻഡ്, പോളണ്ട്, ചെക്ക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളിൽ ഉന്നത സ്ഥാനങ്ങളിൽ കഴിയുകയായിരുന്നു.
നാല് ദശാബ്ദം വിദേശത്ത് കഴിഞ്ഞ പ്യോംഗ് കഴിഞ്ഞ നവംബറിലാണ് ഉത്തര കൊറിയയുടെ തലസ്ഥാനമായ പ്യോംഗ്യോഗിലേക്ക് തിരിച്ചെത്തിയത്. നാട്ടിൽ തിരിച്ചെത്തിയ ശേഷം പ്യോംഗ് മാദ്ധ്യമങ്ങളുടെ കണ്ണിൽ നിന്നെല്ലാം മാറി നില്ക്കുകയായിരുന്നു. തിരിച്ചെത്തിയ പ്യോംഗ് കിമ്മിനോട് അധികാര വെല്ലുവിളികളൊന്നും നടത്തിയതുമില്ല. ഇതോടെ കിമ്മിന്റെ പകരക്കാരൻ പ്യോംഗ് ആയിരിക്കുമോ എന്ന അഭ്യൂഹം ശക്തമായിരിക്കുകയാണ്. കിം പ്യോംഗ് ഇപ്പോൾ വീട്ടു തടങ്കലിലാണ്. കിം പ്യോംഗിന് നേരെ മുമ്പ് വധ ശ്രമങ്ങൾ ഉണ്ടായതായി പറയപ്പെടുന്നു. വിദേശത്തേക്ക് പോകുന്നതിന് മുമ്പ് ഉത്തര കൊറിയൻ ആർമിയിലും വർക്കേഴ്സ് പാർട്ടിയിലും കിം പ്യോംഗ് സേവനമനുഷ്ഠിച്ചിരുന്നു.
അധികാരത്തിന് വിഘ്നം നില്ക്കുന്നവരെ നാടുകടത്തുന്ന സ്വഭാവം ഉത്തര കൊറിയൻ ഭരണാധികാരികൾക്കുണ്ട്. എന്നാൽ വിദേശത്തേക്ക് നാടുകടത്തപ്പെടുന്ന ഇത്തരക്കാർക്ക് ഭരണാധികാരികൾ തന്നെ സാമ്പത്തിക സഹായവും നൽകാറുണ്ട്. കിം പ്യോംഗ് ഈ വിഭാഗത്തിൽപ്പെടുന്നയാളാണ്. അതേ സമയം,
കിം പ്യോംഗ് അധികാരത്തിലെത്തിയാൽ അദ്ദേഹത്തെ അധികാരത്തിൽ നിന്നും മാറ്റി നിറുത്താൻ ശ്രമിച്ച എല്ലാവർക്കും പണി കിട്ടും.
2011ൽ പിതാവിന്റെ മരണശേഷം അധികാരത്തിലെത്തിയ കിമ്മും ആദ്യം തന്നെ തന്റെ ശത്രുക്കളെയെല്ലാം പുറത്താക്കിയിരുന്നു. സ്വന്തം അമ്മാവനെയും അടുത്ത ഉദ്യോഗസ്ഥനെയും വകവരുത്തി. മൂത്ത അർദ്ധ സഹോദരനായ കിം ജോംഗ് നാം മലേഷ്യയിൽ വച്ച് കൊല്ലപ്പെട്ടതിന് പിന്നിലും കിം തന്നെയെന്നാണ് പറയപ്പെടുന്നത്.
തനിക്ക് മുന്നിൽ തടസമായിരുന്നവരെയെല്ലാം ഒന്നിനു പിറകേ ഒന്നായി ഒഴിവാക്കിയിട്ടും അമ്മാവനായ പ്യോംഗിനെ മാത്രം കിം വെറുതെ വിട്ടത് ശ്രദ്ധേയമായ കാര്യമാണ്. വിദേശത്തായിരുന്ന കിം പ്യോംഗിന് നയതന്ത്രപരമായ ദൗത്യങ്ങൾ ഏല്പിച്ചിരുന്നു. 2015ൽ കിം പ്യോംഗിനെ ചെക്ക് റിപ്പബ്ലിക്കിലെ ഉത്തര കൊറിയൻ അംബാസിഡറായി നിയമിച്ചു. 2017ൽ കിം ജോംഗ് നാം കൊല്ലപ്പെട്ടതിന് ശേഷം കിം പ്യോംഗിന് സുരക്ഷ ഇരട്ടിപ്പിച്ചിരുന്നു. യൂറോപ്പിൽ കഴിയുമ്പോഴും വാർത്തകളിലൊന്നും ഇടം നേടാതെ ഒതുങ്ങി കഴിയുകയായിരുന്നു കിം പ്യോംഗ്. പക്ഷേ, കിം പ്യോംഗിനോട് പലർക്കും നല്ല മതിപ്പുണ്ടായിരുന്നു. 2014 മുതൽ 2017 വരെ ചെക്ക് റിപ്പബ്ലിക്കിലെ വിദേശകാര്യ മന്ത്രിയായിരുന്ന ലുബോമിർ സോറലെക് പറഞ്ഞത് കിം പ്യോംഗിന്റെ പെരുമാറ്റം ദക്ഷിണ കൊറിയക്കാരെ പോലെയാണെന്നാണ്. കിം പ്യോംഗിന്റെ സംസാരം തന്നെ ഉത്തര കൊറിയയിൽ ജീവിച്ചയാളുടേത് പോലെയല്ല, പകരം സ്വാതന്ത്ര്യത്തോടെ ജീവിച്ച ഒരാളുടേത് പോലെയാണെന്നാണ് സോറലെകിന്റെ അഭിപ്രായം.
കിം ഇൽ സൂംഗിന്റെ രണ്ടാം ഭാര്യയായ കിം സോംഗ് ഏയിലുള്ള മകനാണ് കിം പ്യോംഗ്. 70കളിൽ രാഷ്ട്രീയ കാര്യങ്ങളിൽ നല്ല സ്വാധീനമുണ്ടായിരുന്ന ഇവർ തന്റെ മകനെ അടുത്ത ഭരണാധികാരിയാക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ കിമ്മിന്റെ പിതാവായ കിം ജോംഗ് ഇല്ലിനെയാണ് അടുത്ത ഭരണാധികാരിയായി പ്രഖ്യാപിച്ചത്. കിം ജോംഗ് ഇൽ 1994 മുതൽ 2011 വരെ ഉത്തര കൊറിയ ഭരിച്ചു.