തിരുവനന്തപുരം: ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ആറ് ദിവസത്തെ ശമ്പളം അഞ്ച് മാസത്തേക്ക് പിടിക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്‌തത് മറികടക്കുന്നതിന് ഓർഡിനൻസ് ഇറക്കാൻ സർക്കാർ ഗവർണറോട് ശുപാർശ ചെയ്യും. ഇന്നലെ ചേർന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.
എക്സിക്യൂട്ടീവ് ഉത്തരവിലൂടെ സർക്കാരിന് ശമ്പളം പിടിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതിനാൽ, നിയമ പരിരക്ഷ ഉറപ്പാക്കാനാണിതെന്ന് മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രിയും ധനമന്ത്രിയും വിശദീകരിച്ചു. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ പോകേണ്ടെന്നാണ് തീരുമാനം.
ദുരന്തപ്രതികരണ നിയമത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്നതാണ് ഓർഡിനൻസ്. ആറ് ദിവസത്തെ ശമ്പളം അഞ്ച് മാസത്തേക്ക് വെട്ടിക്കുറയ്ക്കുകയല്ല,മാറ്റി വയ്ക്കുകയാണ് ചെയ്യുന്നത് .ഇങ്ങനെ മാറ്റിവയ്ക്കുന്ന തുക എങ്ങനെ തിരിച്ചു നൽകുമെന്ന് ഇതിന്റെ നടപടികൾ പൂർത്തിയാക്കി ആറ് മാസത്തിനകം സർക്കാർ അറിയിച്ചാൽ മതിയെന്ന് ഓർഡിനൻസിൽ വ്യവസ്ഥയുണ്ടാവും.
മേയ് മാസത്തെ
ശമ്പളം വൈകും
ഗവർണർ ഒപ്പിടുന്ന മുറയ്ക്ക് ഓർഡിനൻസ് പ്രാബല്യത്തിലായാലേ ജീവനക്കാർക്ക് ശമ്പളം വിതരണം ചെയ്യൂവെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. ഇതോടെ, മേയ് മാസത്തെ ശമ്പളം വൈകുമെന്ന് ഉറപ്പായി.
ശമ്പളത്തിന്റെ 25 %
വരെ മാറ്റി വയ്ക്കാം
ഓർഡിനൻസ് പ്രകാരം, ദുരന്തസമയങ്ങളിലും ആരോഗ്യപ്രതിസന്ധിയുള്ള അടിയന്തര ഘട്ടങ്ങളിലും ജീവനക്കാരുടെ ശമ്പളത്തിന്റെ 25 ശതമാനം വരെ മാറ്റിവയ്ക്കാൻ സർക്കാരിന് അധികാരമുണ്ടാവും. 25 ശതമാനം വരെയെന്ന് വ്യവസ്ഥയുണ്ടെങ്കിലും മുമ്പ് തീരുമാനിച്ചത് പോലെ ആറ് ദിവസത്തെ വീതം അഞ്ച് മാസമായിട്ടാണ് പിടിക്കുക. ഇക്കാര്യം വ്യക്തമാക്കി പിന്നീട് സർക്കാർ ഉത്തരവിറക്കിയാൽ മതി.
ശമ്പളം പിടിക്കുന്നത് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവ് മറികടക്കാൻ, സർക്കാർ തീരുമാനത്തിന് ഓർഡിനൻസിലൂടെ നിയമപ്രാബല്യം നൽകുന്നതാവും ഉചിതമെന്ന് അഡ്വക്കേറ്റ് ജനറൽ നിയമോപദേശം നൽകിയിരുന്നു. ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന് ഇളവ് ചെയ്യാവുന്ന 2005ലെ ദേശീയ ദുരന്തപ്രതികരണ നിയമത്തിലെ ചട്ടത്തിൽ ഇതിനായി ഭേദഗതി വരുത്തും.
സർക്കാർ ജീവനക്കാർ, സർക്കാരിന്റെ ഗ്രാന്റോ സഹായമോ ലഭിക്കുന്ന സ്ഥാപനങ്ങൾ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം ഓർഡിനൻസ് ബാധകമാവും.സർക്കാർ ഇറക്കിയ സാലറി കട്ട് ഉത്തരവിൽ പണം എന്തിന് വേണ്ടി ഉപയോഗിക്കുന്നു, എന്ന് തിരിച്ചു നൽകും എന്നീ കാര്യങ്ങളിൽ അവ്യക്തതയുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
നിലനിൽക്കുമെന്നും ഇല്ലെന്നും
കൊച്ചി: ഒാർഡിനൻസും കോടതി കയറും. ജീവനക്കാരുടെ ശമ്പളം ഭരണഘടന ഉറപ്പുനൽകുന്ന സ്വത്തവകാശത്തിന്റെ പരിധിയിൽ വരുമെന്ന് കഴിഞ്ഞദിവസം ഹർജികൾ പരിഗണിച്ച ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പുതിയ ഒാർഡിനൻസ് ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് ഒരുവിഭാഗം നിയമവിദഗ്ദ്ധർ പറയുന്നു. എന്നാൽ ഒാർഡിനൻസിലൂടെ ഇതു നിയമപരമാക്കുന്നതിൽ അപാകതയില്ലെന്നും മറുവിഭാഗവും ചൂണ്ടിക്കാട്ടുന്നു. 'ശമ്പളമെന്നത് ജീവിക്കാനുള്ള പൗരന്റെ അവകാശത്തിന്റെ ഭാഗം കൂടിയാണ്. ആർട്ടിക്കിൾ 300 എ പ്രകാരം അടിയന്തരാവസ്ഥ പോലെയുള്ള സാഹചര്യങ്ങളിലാണ് ഇത്തരം അവകാശങ്ങൾ സസ്പെൻഡ് ചെയ്യാൻ കഴിയുക. കൊവിഡ് രോഗ ഭീഷണി ഇത്തരമൊരു സാഹചര്യമല്ലാത്തതിനാൽ ഒാർഡിനൻസ് ഭരണഘടനാ വിരുദ്ധമാണ്". - ടി. അസഫ് അലി, ഹൈക്കോടതി അഭിഭാഷകനും മുൻ പ്രോസിക്യൂഷൻ ഡയറക്ടറും 'ആരോഗ്യമെന്നത് കൺകറന്റ് ലിസ്റ്റിലുള്ള വിഷയമാണ്. കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരിനും നിയമ നിർമ്മാണം നടത്താൻ കഴിയും. ആ നിലയ്ക്ക് ഒാർഡിനൻസ് നിലനിൽക്കും. ശമ്പളം സ്വത്തവകാശത്തിന്റെ ഭാഗമാണ്. സ്വത്തവകാശമെന്നത് മൗലികാവകാശമല്ല". ശിവൻ മഠത്തിൽ, ഹൈക്കോടതി അഭിഭാഷകൻ