തിരുവനന്തപുരം: ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളം പിടിക്കാൻ ദുരന്തപ്രതികരണ നിയമത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടുവരുന്ന ഓർഡിനൻസിന്റെ നിയമസാധുതയെച്ചൊല്ലി ഭരണ, പ്രതിപക്ഷ സർവീസ് സംഘടനകൾ തമ്മിൽ പോര്.
ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിൽ ഓർഡിനൻസ് ഗവർണർക്ക് വേണമെങ്കിൽ തള്ളാമെന്നും, ഈ ആവശ്യമുന്നയിച്ച് ഗവർണറെ സമീപിക്കുമെന്നും പ്രതിപക്ഷ സംഘടനകൾ വ്യക്തമാക്കി. ആർട്ടിക്കിൾ 360 പ്രകാരം സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാൽ രാഷ്ട്രപതിക്ക് മാത്രമാണ് ജീവനക്കാരുടെ ശമ്പളം കുറവ് ചെയ്യാനാവുക. സുപ്രീംകോടതിയിൽ പോയാലും ഓർഡിനൻസ് നിലനിൽക്കില്ലെന്നും അവർ പറയുന്നു.
എന്നാൽ, ദുരന്തപ്രതികരണ നിയമത്തിലെ വ്യവസ്ഥയനുസരിച്ച് ദുരന്തസമയത്തും പകർച്ചവ്യാധികൾ പൊട്ടിപ്പുറപ്പെടുന്ന തരത്തിലുള്ള ആരോഗ്യ സാഹചര്യമുണ്ടാകുമ്പോഴും സർക്കാരിന് എന്തും പിടിച്ചെടുക്കാൻ അധികാരമുണ്ടെന്നാണ് മറുവാദം.
ഇതോടെ, ഓർഡിനൻസും നിയമക്കുരുക്കിലാവുമെന്ന സ്ഥിതിയായി. ഗവർണർ ഒപ്പ് വച്ചാലേ ഓർഡിനൻസ് പ്രാബല്യത്തിലാവൂ. നിയമവശങ്ങൾ പരിശോധിക്കാൻ അദ്ദേഹം തയ്യാറായേക്കാം. ഗവർണർ അംഗീകാരം നൽകിയാൽ പിന്നെ പ്രശ്നങ്ങളുണ്ടാവില്ലെന്ന് സർക്കാർവൃത്തങ്ങൾ പറയുന്നു. കൊവിഡ്-19 ദേശീയ ദുരന്തമായ സാഹചര്യത്തിൽ സർക്കാരിന് മറ്റൊരു വിശദീകരണവും നൽകേണ്ടിവരില്ലെന്നും പറയുന്നു.