pic

തിരുവനന്തപുരം: ടെലി മെഡിസിൻപദ്ധതിയായ ക്വിക്ക് ഡോക്ടറിൽ രജിസ്റ്റർ ചെയ്ത രോഗികളുടെ വിശദാംശങ്ങൾ ചോർത്താം എന്ന് തെളിവു സഹിതമുള്ള ആരോപണവുമായി ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ രംഗത്തെത്തി. ആപ്പിൽ രജിസ്റ്റർ ചെയ്തവരുടെ പേര്, വിലാസം, ഫോൺ നമ്പർ, ഇ-മെയിൽ വിലാസം, ബ്ലഡ്ഗ്രൂപ്പ് അടക്കമുള്ള വിശദാംശങ്ങൾ സുരക്ഷിതമല്ലെന്നാണ് ആരോപണം.


കൊവിഡിനെ തുടർന്നുള്ള ലോക്ക്ഡൗൺ സമയത്ത് ജനങ്ങൾക്ക് ആശുപത്രിയിലെത്താൻ കഴിയാതെ വന്ന സാഹചര്യത്തിലാണ് ടെലി മെഡിസിൻ സേവനത്തിനായി ക്വിക്ക് ഡോക്ടർ ആപ്പുമായി സർക്കാർ സഹകരിച്ചത്. വലിയ സാങ്കേതിക വിദ്യകളുടെയൊന്നും സഹായം ഇല്ലാതെ തന്നെ ചെറിയ ഹാക്കിംഗ് ടൂളുകൾ ഉപയോഗിച്ച് ആപ്പിൽ നിന്നുള്ള വിവരങ്ങൾ ചോർത്തിയെടുക്കാൻ കഴിയും എന്നതിന് തെളിവായി തങ്ങൾ ഹാക്ക് ചെയ്ത വിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് മുന്നിൽ കാണിക്കുകയും ചെയ്തു.


ഇടുക്കിയിൽ കഴിഞ്ഞ ദിവസം കൊവിഡ് നെഗറ്റീവായ യുവതിയുടെ വിവരങ്ങൾ ചോർന്നത് ടെലി മെഡിസിനുമായി ബന്ധപ്പെട്ട് നടത്തിയ കൺസൾട്ടേഷന് ശേഷമാണ് എന്ന് അവർ ആരോപിച്ചിരുന്നു. ടെലി മെഡിസിൻ സേവനവുമായി ബന്ധപ്പെട്ട വിവാദം പുതിയ തലങ്ങളിലേക്ക് എത്തിക്കുന്ന രേഖകളാണ് ബി.ജെ.പി. ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.


കൊവിഡ് സമയത്ത് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗപ്പെടുത്തിയ ആപ്പായിരുന്നു ക്വിക്ക് ഡോക്ടർ ആപ്പ്. നോർക്കയുടെ വെബ്‌സൈറ്റ് വഴിയും ഇതിൽ രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞിരുന്നു. .നേരത്തേ ആപ്പിലെ വിവരങ്ങൾ ചോരാനുള്ള സാധ്യത പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ സംസ്ഥാന ഡേറ്റ സെന്ററിലാണ് വിവരങ്ങൾ സൂക്ഷിക്കുന്നതെന്നും ചോരില്ലെന്നുമായിരുന്നു കമ്പനിയുടെ വാദം.