വിതുര: ലോക്ക് ഡൗൺ വന്നതോടെ പ്രദേശത്തെ മീൻലഭ്യത കുറഞ്ഞു. വിഷം ചേർക്കാത്ത, ശുദ്ധമായ മത്സ്യം തീൻമേശയിൽ എത്താൻ തുടങ്ങിയതോടെയാണ് വളർത്തുമീനിന്റെ സാദ്ധ്യതകളെക്കുറിച്ച് ചിന്തിക്കാൻ പലരും തുടങ്ങിയത്. മുതൽമുടക്കിന്റെ ഇരട്ടി ലാഭം കൊയ്യാമെന്നതാണ് മത്സ്യക്കൃഷിയുടെ ഗുണം. നിരവധിപേരാണ് ഇത്തരത്തിൽ മത്സ്യക്കൃഷിയിലൂടെ ലാഭം കൊയ്യുന്നത്. സ്വന്തമായി ഭൂമിയില്ലാത്തവർ ഭൂമി പാട്ടത്തിനെടുത്തും മത്സ്യക്കൃഷിയിലൂടെ ആദായം കൊയ്യുന്നുണ്ട്. വർഷം മുഴുവൻ വിളവെടുക്കാം എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. ഒപ്പം ഫിഷറീസ് വകുപ്പിന്റെ സഹായവും ലഭിക്കും. ഒഴിഞ്ഞുകിടക്കുന്ന പാറമടകൾ, സ്ഥിരം വെള്ളം നിൽക്കുന്ന പാടങ്ങൾ (കൃഷി ഇല്ലാത്ത) ടാർപ്പോളിൻ കുളം (പട്താകുളം) എന്നിവയിൽ കൃഷിയിറക്കാം. ഇതിൽ കാർപ്പ് ഇനത്തിൽപ്പെട്ട കട്ല, റോഹു, മൃഗാൾ, ഗ്രാസ്‌കാർപ്പ്, സൈപ്രീനിസ്, ആറ്റുകൊഞ്ച് എന്നിവ കൃഷിചെയ്യാം. മത്സ്യക്കൃഷി ലാഭകരമായതിനാൽ ആദിവാസികൾ വരെ ഈ മേഖലയിലേക്ക് ചുവടുമാറ്റിയിരിക്കുകയാണ്. വിഷം കലരാത്ത മത്സ്യം ലഭ്യമാക്കാം എന്നതാണ് പ്രധാന ലക്ഷ്യം. ഒപ്പം മികച്ച വരുമാനവും നേടാം. ഒരേക്കറിൽ അഞ്ച് വലിയ കുളം വരെ നിർമ്മിക്കാം. ഇതിന് ഏകദേശം രണ്ടര ലക്ഷം രൂപ വരെ ചെലവ് വരും. എന്നാൽ പ്രതിവർഷം അഞ്ച് ലക്ഷത്തിൽ പരം രൂപ ലാഭം കിട്ടുമെന്നാണ് ഈ മേഖലയിൽ വിജയിച്ച കർഷകർ പറയുന്നത്. വിഷം കലരാത്ത മത്സ്യം കഴിക്കുന്നതിനും തൊഴിൽ ഇല്ലായ്മ പരിഹരിക്കുന്നതിനും മത്സ്യക്കൃഷി ഏറെ പ്രയോജനകരമാണെന്നാണ് മത്സ്യകർഷകരും സർക്കാരും പറയുന്നത്.
വെള്ളത്തിന്റെ പി.എച്ച് ലെവൽ 7.5 ആയാൽ മത്സ്യക്കൃഷിക്ക് അനുയോജ്യമെന്ന് കരുതാം. ഇത് കുറവാണെങ്കിൽ വെള്ളത്തിലേക്ക് കുമ്മായം വിതറണം. അഞ്ച് ദിവസത്തിന് ശേഷം പച്ചചാണകം ഇഴ അകലമുള്ള പ്ലാസ്റ്റിക് ചാക്കിൽ കെട്ടി കുളത്തിന്റെ നാല് മൂലയിലായി നിക്ഷേപിക്കണം. അഞ്ച് ദിവസത്തിന് ശേഷം യൂറിയ വിതറണം. 12 ദിവസം കഴിയുമ്പോൾ വെള്ളത്തിന്റെ പി.എച്ച് ലെവൽ പരിശോധിച്ച് 7.5 ഉണ്ടെന്ന് ഉറപ്പ് വരുത്തണം. കുറവാണെങ്കിൽ വീണ്ടും പച്ചചാണകം കിഴികെട്ടി നിക്ഷേപിക്കണം. പി.എച്ച് ലെവൽ നിജപ്പെടുത്തിയ ശേഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാം.
കൃഷിയിറക്കാതെ വെള്ളക്കെട്ടായി കിടക്കുന്ന പാടങ്ങളിലും പാറമടകളിലും കൃഷിയിറക്കാം. പാടത്തെ വെള്ളം പ്രകൃതിദത്തമായതിനാൽ പി.എച്ച് ലെവൽ കൃത്യമായിരിക്കും. ഇവിടുത്തെ പുറംചെളി 1 മുതൽ 1.5 മീറ്റർ വരെ താഴ്ചയിൽ കോരി മാറ്റണം. സൈഡ് ബണ്ട്കെട്ടി വല ഉപയോഗിച്ച് വശങ്ങളും മുകളും കെട്ടി മറയ്ക്കണം. ഇതിലേക്ക് കാർപ്പ് മത്സ്യങ്ങളെ നിക്ഷേപിക്കാം. ആറ്റ് കൊഞ്ച് വളരാൻ ഏറ്റവും അനുയോജ്യം പാടത്താണ്. 10 മാസമാകുമ്പോൾ വിളവെടുക്കാം.
പാറമടകളിലെ താഴ്ചയുടെ അടിസ്ഥാനത്തിലാണ് മത്സ്യക്കൃഷി നടത്തുന്നത്. 25 അടി താഴ്ചയുള്ള പാറമടയിൽ പി.എച്ച് ലെവൽ 7.5 ആക്കാൻ 5 കിലോ കുമ്മായം, 4 കുട്ട ചാണകം, 3 കിലോ യൂറിയ എന്നിവ പ്രയോഗിക്കാം. ശേഷം കാർപ്പ് ഇനത്തിലെ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാം. 11 മാസം കഴിയുമ്പോൾ വല ഉപയോഗിച്ചോ വെള്ളം വറ്റിച്ചോ വിളവെടുക്കാം.