ന്യൂയോർക്ക്: യു.എസ് സൈനിക വിഭാഗം ഫൈറ്റർ ജെറ്റ് വിമാനങ്ങൾ പറത്തി കൊവിഡിനെതിരെ പോരാടുന്ന ആരോഗ്യപ്രവർത്തകർക്കും അവശ്യസേവന പ്രവർത്തകർക്കും ആദരവറിയിച്ചു. ന്യൂയോർക്ക്.
വ്യോമസേനയുടെ തണ്ടർബേർഡ്സും നാവികസേനയുടെ ബ്ലൂ എയ്ഞ്ചൽസും ചേർന്നാണ് ആകാശത്ത് പ്രകടനം നടത്തിയത്. ന്യൂയോർക്കിനും നെവാർക്കിനുമിടയിൽ 40 മിനിട്ടോളമാണ് വിമാനങ്ങൾ പറന്നത്. ട്രെന്റൺ, ഫിലാഡൽഫിയ എന്നിവടങ്ങളിലും ആകാശത്തും പ്രകടനം തുടർന്നു.
വൈറസ് വ്യാപനനിയന്ത്ര നിർദേശങ്ങൾ അനുസരിച്ച് സുരക്ഷിതമായ അകലം പാലിച്ചാണ് ആളുകൾ പ്രകടനം കാണാൻ നിലയുറപ്പിച്ചിരുന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിര പോരാട്ടം നടത്തുന്നവർക്കായി ഇത്തരമൊരു പ്രകടനം നടത്താൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് ബ്ലൂ എയ്ഞ്ചൽസ് കമാൻഡർ ബ്രയാൻ കെസ്സൽറിങ് പ്രതികരിച്ചു.
ലോകത്തിലെ ഏറ്റവും മികച്ച പൈലറ്റുമാരുടെ കൃതജ്ഞതയും രാജ്യസ്‌നേഹവും നിറഞ്ഞ പ്രകടനമാണിതെന്ന് നെവാർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയുടെ പ്രസിഡന്റും സിഇഒയുമായ ഷെരീഫ് എൽനഹൽ ട്വീറ്റ് ചെയ്തു. പലരും ഈ ആദരവിന് ഇപ്പോൾ കൈയ്യടിക്കുകയാണ്. സംഭവം ഇപ്പോൾ സോഷ്യൽമീഡിയയിലും നിറയുകയാണ്.