വിഴിഞ്ഞം:മക്കൾ കുറ്റിക്കാട്ടിൽ തള്ളിയ വൃദ്ധയെ രക്ഷിച്ച് പുനർജനിയെന്ന വ്യദ്ധസദനത്തിലാക്കി വിഴിഞ്ഞം പൊലീസ്. ശരീരത്തിന്റെ ഒരു വശം തളർന്ന മുക്കോല നെല്ലിക്കുന്ന് സ്വദേശി ലളിതയെയാണ് കഴിഞ്ഞ ശനിയാഴ്ച രാത്രി മുക്കോല ബൈപ്പാസിന് സമീപത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച് മക്കൾ മുങ്ങിയത്. അറു മക്കളുള്ള ലളിതയെ രണ്ടു മക്കൾ ചേർന്നാണ് കാട്ടിൽ ഉപേക്ഷിച്ചതെന്ന് പൊലീസ് പറഞ്ഞു. വൃദ്ധയുടെ നിലവിളി കേട്ടെത്തിയ സമീപവാസിയാണ് മുക്കോല സെൻട്രൽ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളെയും പൊലീസിനെയും അറിയിച്ചത്. തുടർന്ന് മക്കളെ സമീപിച്ചെങ്കിലും ഏറ്റെടുക്കാനാവില്ലെന്ന് അറിയിക്കുകയായിരുന്നു. ഒടുവിൽ വിഴിഞ്ഞം സി.ഐ എസ്.ബി. പ്രവീൺ ഇടപെട്ട് നെല്ലിക്കുന്നിലുളള മകളുടെ വീട്ടിൽ താത്കാലികമായി താസിപ്പിച്ച ഇവരെ ഇന്നലെ രാവിലെ പുനർജനിയിലേക്ക് മാറ്റുകയായിരുന്നു. ക്രൈം എസ്.ഐ ജി.കെ. രഞ്ചിത്ത്. കമ്മ്യൂണിറ്റി റിലേഷൻ ഓഫീസർ ബിജു ആർ.നായർ,സീനിയർ സി.പി.ഒ എം.എസ്.നിജിത്ത്, ജനമൈത്രി പൊലീസ് അംഗങ്ങളായ ജിഷ,സുരേഷ് കുമാർ, മുക്കോല വിൽസൺ,സാമൂഹിക പ്രവർത്തകനായ പനിയടിമ ജോൺ, പി. അൽഫോൺസ് എന്നിവരും വയോധികയ്ക്ക് സഹായവുമായെത്തി