തിരുവനന്തപുരം:നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളുടെ നിരീക്ഷണത്തിനായി നഗരസഭ സജ്ജമാക്കിയ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ പട്ടിക മേയർ കെ.ശ്രീകുമാർ മന്ത്രി കടകംപള്ളി സുരേന്ദ്രന് കൈമാറി. 330 ബിൽഡിംഗുകളിലായി 9100 റൂമുകളാണ് കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റിനായി നഗരസഭ സജ്ജമാക്കിയത്. ഇതിൽ 55 ഗവൺമെന്റും 275 സ്വകാര്യ ബിൽഡിംഗുകളുമാണ്. 23 ഓഡിറ്റോറിയങ്ങൾ, 125 വിദ്യാഭ്യാസ സ്ഥാപനങ്ങൾ, 79 ഹോട്ടലുകൾ, 34 ലോഡ്ജുകൾ, 14 ഫ്‌ളാറ്റുകൾ, 22 ഹാളുകൾ എന്നിങ്ങനെയാണ്. 3793 റൂമുകൾ ബാത്ത്‌റൂം അറ്റാച്ച്ഡാണ്. നഗരസഭയുടെ എൻജിനിയറിംഗ് വിഭാഗമാണ് പ്രവാസികളുടെ നിരീക്ഷണത്തിനായുള്ള താമസസ്ഥലങ്ങൾ കണ്ടെത്തിയത്. നിലവിൽ നഗരസഭയ്ക്ക് കീഴിൽ കമ്മ്യൂണിറ്റി ക്വാറന്റൈൻ സെന്ററുകളായി ആനയറ സമേതി ഹാൾ, മൺവിള ട്രെയിനിംഗ് സെന്റർ, വിമെൻസ് കോളേജ് വഴുതക്കാട്, ഐ.എം.ജി ഹാൾ, യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റൽ, മാർ ഇവാനിയോസ് കോളേജ്, വിഴിഞ്ഞം സെന്റ് മേരീസ് എന്നിവയാണ്.