തിരുവനന്തപുരം: സംസ്ഥാനസർക്കാർ വേണ്ടത്ര കൂടിയാലോചനയില്ലാതെയും പെട്ടെന്നും ജില്ലകൾക്ക് ഇളവനുവദിച്ചതിനാലാണ് രോഗവ്യാപനം വീണ്ടും കൂടിയതെന്ന കേന്ദ്രമന്ത്രി വി. മുരളീധരന്റെ പരാമർശത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
കേന്ദ്രമന്ത്രി അങ്ങനെയൊരു വിതണ്ഡവാദം ഉന്നയിച്ചോ എന്നായിരുന്നു വാർത്താസമ്മേളനത്തിൽ ഇതിനോടുള്ള മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണം. ശുദ്ധ വിവരക്കേടാണത്. കേന്ദ്രമന്ത്രിക്ക് ചേർന്ന പ്രതികരണമല്ല. എവിടെ ആലോചിച്ചില്ല എന്നാണദ്ദേഹം പറയുന്നത്? സംസ്ഥാനത്തിന് ആലോചിക്കാൻ സംസ്ഥാനത്തിന്റേതായ സംവിധാനമുണ്ട്. അതിന്റെ ഭാഗമായാണ് തീരുമാനങ്ങളെടുക്കുന്നത്. കേന്ദ്രമന്ത്രിസ്ഥാനത്ത് ഇരിക്കുന്നയാളിൽ നിന്ന് ഇങ്ങനെയൊരു പ്രതികരണമുണ്ടാകുമെന്ന് താൻ വിചാരിക്കുന്നില്ല.
ഇതുസംബന്ധിച്ച ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ വിമർശനത്തെയും മുഖ്യമന്ത്രി തള്ളി. കോട്ടയം, ഇടുക്കി ജില്ലകൾ നേരത്തേ ഗ്രീൻ സോണിലായിരുന്നു. പെട്ടെന്ന് സ്ഥിതിഗതികൾ മാറിവന്നു. അവിടെ അതിവേഗത്തിൽ കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണവും രോഗസാദ്ധ്യതയും കൂടി. അങ്ങനെയാണ് റെഡ് സോണാക്കിയത്. ഇത്തരം കാര്യങ്ങൾ സർക്കാർ തീരുമാനിക്കുന്നത് ഐ.എം.എയുമായി ആലോചിച്ചല്ല. ഇത്തരം വേദികളിൽ ഐ.എം.എയ്ക്ക് പ്രാതിനിദ്ധ്യമില്ല.
സമൂഹവ്യാപനത്തിലേക്ക് പോകാതിരിക്കാനാണ് നാമിപ്പോൾ കഠിനശ്രമം നടത്തുന്നത്. അതിനോട് സമൂഹം നല്ല രീതിയിലാണ് പ്രതികരിക്കുന്നത്. ആളുകൾ വലിയ തോതിലുള്ള വിഷമം അനുഭവിക്കുന്നുണ്ട്. മനുഷ്യജീവനാണ് പ്രധാനം എന്നതിനാൽ അത്തരം നിയന്ത്രണങ്ങൾ നമുക്ക് തടയാനാവില്ല. അതിലൊരു വിട്ടുവീഴ്‌ചയുമില്ല. കണ്ണൂർ എസ്.പി യതീഷ് ചന്ദ്രയ്ക്കെതിരായ നടപടിയെപ്പറ്റി ചോദിച്ചപ്പോൾ, ഇപ്പോൾ ഒരുദ്യോഗസ്ഥനെതിരെയും നടപടി സ്വീകരിക്കേണ്ട ഘട്ടമല്ല അവിടെ നിലനിൽക്കുന്നതെന്ന് മുഖ്യമന്ത്രി മറുപടി നൽകി.
സാലറി കട്ടിൽ നിന്ന് ഹൈക്കോടതി ജഡ്‌ജിമാരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇതുവരെ കത്തൊന്നും ലഭിച്ചില്ല. അത്തരത്തിലൊന്നും തീരുമാനിച്ചിട്ടില്ല. ജഡ്ജിമാരുടെ കാര്യം പ്രത്യേകമായി പരിഗണിക്കപ്പെടേണ്ടതാണെന്നാണ് നിലപാട്. പ്രളയമുണ്ടായപ്പോൾ ജഡ്ജിമാർ സംഭാവന ചെയ്തതെല്ലാം ഓർമ്മയിലുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സർക്കാരിന് ജാഗ്രതക്കുറവെന്ന് വി.മുരളീധരൻ:
കേന്ദ്രമന്ത്രിക്ക് രാഷ്ട്രീയ തിമിരമെന്ന് കടകംപള്ളി
തിരുവനന്തപുരം: കേന്ദ്രസഹമന്ത്രി വി.മുരളീധരന് രാഷ്ട്രീയ തിമിരമാണെന്നും മൂന്നാംകിട രാഷ്ട്രീയക്കാരനായി കേന്ദ്രമന്ത്രി മാറരുതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കൊവിഡ് കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന സർക്കാരിന് ജാഗ്രതക്കുറവുണ്ടായെന്ന വി.മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. മുഖ്യമന്ത്രിക്ക് പിന്തുണയേറുന്നതാണോ മുരളീധരന്റെ വിഷമമെന്നും കടകംപള്ളി ചോദിച്ചു.
പ്രവാസികളായ മലയാളികളെ നാട്ടിലെത്തിക്കാനാണ് കേന്ദ്രമന്ത്രി എന്ന നിലയിൽ മുരളീധരൻ ശ്രമിക്കേണ്ടതെന്നും കൊവിഡിനെതിരേയുള്ള പോരാട്ടത്തിൽ കേരളത്തിന്റെ മാതൃക സ്വീകരിക്കാൻ മറ്റ് സംസ്ഥാനങ്ങളോട് അഭ്യർത്ഥിക്കുകയാണ് പിന്നീട് ചെയ്യേണ്ടതെന്നും കടകംപള്ളി പറഞ്ഞു.
സർക്കാരിന്റെ ജാഗ്രതയില്ലായ്മയും അമിത ആത്മവിശ്വാസവുമാണ് ഇടുക്കിയും കോട്ടയവും ഗ്രീൻ സോണിൽ നിന്ന് റെഡ് സോണിലേക്ക് പോകാൻ കാരണമെന്ന് മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. കൊവിഡ് പ്രതിരോധത്തിൽ കേരളം ലോകത്തിനാകെ മാതൃകയെന്നാണ് മുഖ്യമന്ത്രിയും സർക്കാരും പി.ആറുകാരും ആവർത്തിക്കുന്നത്. മേനിപറച്ചിൽകേട്ട് പിണറായിയുടെ കണ്ണ് മഞ്ഞളിച്ചുപോയെന്നും മുരളീധരൻ കുറിച്ചു. ഇതിനെതിരെയാണ് വിമർശനവുമായി കടകംപള്ളി രംഗത്തെത്തിയത്.