തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ മൂന്ന് ആരോഗ്യപ്രവർത്തകർക്കും മാദ്ധ്യമപ്രവർത്തകനുമടക്കം 10 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 10 പേർ രോഗമുക്തരായി. കൊല്ലത്ത് ആറും തിരുവനന്തപുരം,​ കാസർകോട് എന്നിവിടങ്ങളിൽ രണ്ട് വീതം പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൊല്ലത്ത് അഞ്ചു പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഒരാൾ ആന്ധ്രാപ്രദേശിൽ നിന്ന് വന്നതാണ്. തിരുവനന്തപുരത്തെ രോഗബാധിതരിൽ ഒരാൾ തമിഴ്നാട്ടിൽ നിന്ന് വന്നതാണ്. കാസർകോട്ട് രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗമുണ്ടായത്. കണ്ണൂർ,​ കോഴിക്കോട്,​ കാസർകോട് എന്നിവിടങ്ങളിൽ മൂന്ന് വീതവും പത്തനംതിട്ടയിൽ ഒരാളുമാണ് രോഗമുക്തരായത്. കാസർകോട്ട് കൊവിഡ് ബാധിച്ചത് ദൃശ്യമാദ്ധ്യമ പ്രവർത്തകനാണ്.