തിരുവനന്തപുരം: 'പുതിയ സിനിമയിൽ ഹിന്ദി സംസാരിക്കുന്ന കഥാപാത്രം ഉണ്ടാകുമോ,എനിക്ക് മലയാള സിനിമയിൽ സ്വന്തം ശബ്ദത്തിൽ അഭിനയിക്കാൻ ?'- സംവിധായകൻ ശ്യാമപ്രസാദിനോട് ഇർഫാൻ ഖാൻ രണ്ട് തവണ ചോദ്യം ചോദിച്ചിരുന്നു. മലയാള സിനിമയുടെ നിർഭാഗ്യം അങ്ങനെയൊരുചിത്രം പിറവിയെടുത്തില്ല.
മലയാളം സിനിമയോട് ഇർഫാന് താത്പര്യം തോന്നാനും അവസരം ശ്യാമപ്രസാദിനോടു തന്നെ ചോദിക്കാനും ഒരു കാരണമുണ്ട്. ശ്യാമ പ്രസാദിന്റെ ഇംഗ്ളീഷ് ചിത്രം 'ബോക്‌ഷു, ദി മിത്ത്'ലെ നായകനായിരുന്നു ഇർഫാൻ .
2002ൽ പുറത്തിറങ്ങിയ ആ ചിത്രത്തിലഭിനയിക്കുന്നതിനു മുമ്പ് പ്രശസ്തനായിരുന്നില്ല ഇർഫാൻ ഖാൻ. എന്നാൽ 1988 ൽ പുറത്തിറങ്ങിയ മീരാ നായരുടെ 'സലാം ബോംബെ'യിലെ അദ്ദേഹത്തിന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ആ ചിത്രം കണ്ടിട്ടാണ് 'ബോക്ഷു ദി മിത്തി'ലേക്ക് ശ്യാമ പ്രസാദ് ഇർഫാനെ ക്ഷണിച്ചത്. മുംബയിൽ വച്ചു നടന്ന ഓഡിഷനിലും പിന്നീട് ഹമ്പിയിൽ വച്ചു നടന്ന ചിത്രീകരണത്തിലും ശ്യാമപ്രസാദിനെ ഇർഫാൻഖാൻ അമ്പരപ്പിച്ചു.
നാടക സ്കൂളിൽ പഠിച്ചതിന്റെ മെച്ചമാണിതെന്ന് നാടക സ്കൂളിന്റെ പശ്ചാത്തലത്തിൽ നിന്നും എത്തിയ ശ്യാമപ്രസാദിന് പെട്ടെന്ന് മനസിലായി. പിന്നീട് ലോകനടനായി ഇർഫാൻഖാൻ മാറിയത് ചരിത്രം. വന്ന വഴി മറക്കാത്തതിനാൽ ഇടയ്ക്ക് ശ്യാമപ്രസാദിനെ ഫോണിൽ വിളിച്ച് സംസാരിക്കാനും മറന്നില്ല.
''ഇന്ത്യയിലെ തന്നെ മികച്ച രണ്ടോ മൂന്നോ നടന്മാരിൽ ഒരാളാണ് ഇർഫാൻഖാൻ .കഥാപാത്രങ്ങളെ പൂർണതയിൽ അവതരിപ്പിക്കാൻ അദ്ദേഹത്തിനു കഴിയും . സൂക്ഷ്മമായ ഭാവങ്ങളെ പോലും അഭിനയിച്ച് ഫലിപ്പിക്കും''- ശ്യാമപ്രസാദ്, സംവിധായകൻ