album
വീഡിയോ ആൽബം

തിരുവനന്തപുരം: ലോകത്തിന് മുന്നിൽ കൊവിഡ് പ്രതിരോധത്തിന്റെ പുത്തൻമാതൃക രചിച്ച്,സമാനതകളില്ലാത്ത വിജയവുമായി കേരളം മുന്നേറുമ്പോൾ ഐക്യദാർഢ്യം പ്രകടിപ്പിച്ച് കേരളകൗമുദിയും കൗമുദി ടിവിയും. കൊവിഡിനെതിരായ പോരാട്ടവും ജാഗ്രതാ സന്ദേശവും പങ്കുവെക്കുന്ന 'കേരളം ഗതി മാറ്റും ' എന്ന വീഡിയോ ആൽബം ഇന്നലെ വൈകിട്ട് 6ന് യൂട്യൂബിലൂടെ റിലീസ് ചെയ്തു. കൗമുദി ടിവി,ടെലിവിഷൻ താരസംഘടനയായ ആത്മ, പി.ആർ.ഡി,റേഡിയോ കേരള എന്നിവ സംയുക്തമായി പുറത്തിറക്കിയ ആൽബം പ്രളയത്തെ ജയിച്ചതുപോലെ കൊവിഡിനേയും അതിജീവിക്കുമെന്ന പ്രത്യാശ പങ്കുവയ്ക്കുന്നു.

'ശലഭച്ചിറകിൽ പുതുവാനം നീട്ടി നാം
പകലന്തികളിൽ പകരാം സാന്ത്വനം
തളരാതിനി നാം,തുടരുകയീ ജാഗ്രത
പല കൈ നിറവിൽ അലിവിൻ സാഗരം '-എന്ന് തുടങ്ങുന്ന പ്രചോദനഗീതം ഇതിനകം തന്നെ യൂട്യൂബിലൂടെ നിരവിധപ്പേർ കണ്ടുകഴിഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കെ.കെ.ശൈലജ, ചീഫ് സെക്രട്ടറി ടോം ജോസ്, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ എന്നിവരുടെ നേതൃത്വവും ആരോഗ്യ പ്രവർത്തകർ,പൊലീസ്,ഫയർഫോഴ്‌സ് തുടങ്ങിയ വിഭാഗങ്ങളുടെ ജാഗ്രതയോടുള്ള പ്രവർത്തനവും സൗജന്യഭക്ഷ്യധാന്യ വിതരണമടക്കം കേരളം ഏർപ്പെടുത്തിയ സേവനങ്ങളിലൂടെ വിജയം ആർജ്ജിച്ചെടുത്തതിന്റെ നേ‌ർചിത്രങ്ങളും ഉൾപ്പെടുത്തിയാണ് ഗാനം ഒരുക്കിയിരിക്കുന്നത്.
ചലച്ചിത്ര -ടിവി താരങ്ങളായ കെ.ബി.ഗണേഷ്കുമാർ എം.എൽ.എ,നന്ദു, കിഷോർ സത്യ,എം.ആർ.ഗോപകുമാർ,ഡിവൈ.എസ്.പി രാജ്‌കുമാർ, ദിനേഷ് പണിക്കർ,സാജൻ സൂര്യ, ശരത്, മഞ്ജുപിള്ള, മൃദുല, അർച്ചന സുശീലൻ തുടങ്ങിയവരാണ് ഗാനരംഗത്ത് അഭിനയിക്കുന്നത്. ചലച്ചിത്ര നിർമ്മാതാവും ഗാനരചയിതാവുമായ രാജീവ് ഗോവിന്ദറിന്റേതാണ് വരികൾ. അശ്വിൻ ജോണിന്റെ സംഗീതത്തിൽ അനിൽ റാം, അമൃത ജയകുമാർ എന്നിവരാണ് പാടിയത്.
കൗമുദി ടിവി ചീഫ് ഒഫ് പ്രോഗ്രാംസ് ഡോ.എസ്. മഹേഷാണ് ആൽബം സംവിധാനം ചെയ്തത്. ക്രിയേറ്റിവ് കോ ഓർഡിനേറ്റർ റിയാസ് ബിൻ ഷറഫ്, കാമറ സജയകുമാർ, എഡിറ്റിംഗ് ജോർജ്ജ് ഔസേപ്പ്, മേക്കപ്പ് ബാബു പള്ളിപ്പുറം.