crime

കഴക്കൂട്ടം: ജോലിക്കുനിന്ന വീട്ടിൽ മോഷണം നടത്തിയ യുവതിയും കാമുകനും അറസ്റ്റിലായി. മേനംകുളം പുത്തൻതോപ്പ് കനാൽ പുറമ്പോക്ക് വീട്ടിൽ സജീറ (32), കാമുകൻ കഠിനംകുളം, പുതുക്കുറിച്ചി മുഹിയുദ്ദീൻ പള്ളിക്ക് പടിഞ്ഞാറ്, തെരുവിൽ തൈവിളാകം വീട്ടിൽ അൽഅമീൻ (32) എന്നിവരാണ് അറസ്റ്റിലായത്. കഠിനംകുളം പുത്തൻതോപ്പ് വായനശാലയ്ക്ക് സമീപം സീയോൺ വീട്ടിൽ അദ്ധ്യാപികയായിരുന്ന സെലിൻ പെരേരയുടെ വീട്ടിലാണ് മോഷണം നടന്നത്.

ഒരു വർഷമായി സെലിൻ പെരേരയുടെ വീട്ടിൽ ജോലിക്കുനിന്ന ഒന്നാം പ്രതി സജീറ, 6 മാസമായി പല പ്രാവശ്യങ്ങളിലായി 15 പവൻ സ്വർണ്ണാഭരണങ്ങളും വില കൂടിയ വാച്ചുകളുമാണ് മോഷ്ടിച്ചത്. മോഷണ മുതലുകൾ കൂട്ടു പ്രതി അൽഅമീന്റെ സഹായത്തോടെ ബാങ്കുകളിലും പണമിടപാട് സ്ഥാപനങ്ങളിലും പണയം വയ്ക്കുകയും വിൽക്കുകയുമാണ് പതിവ്. അതിനു ശേഷം ഇരുവരും കോവളം, പൂവാർ, വർക്കല എന്നീ സ്ഥലങ്ങളിൽ മുറിയെടുത്ത് താമസിക്കും. ആർഭാട ജീവിതത്തിനും കാമുകന് ചൂതുകളിക്കാനും മദ്യപാനത്തിനും വേണ്ടിയാണ് പണം വിനിയോഗിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. അൽ അമീൻ കഠിനംകുളം, ചിറയിൻകീഴ് തുടങ്ങിയ സ്റ്റേഷനുകളിലെ മയക്കുമരുന്ന്, കൂലിത്തല്ല് കേസുകളിലെ പ്രതിയാണ്. ഭർത്താവിനെ ഒഴിവാക്കി കാമുകനോടൊപ്പം ബൈക്കിൽ നാടു വിടാൻ ഒരുങ്ങവെയാണ് കഠിനംകുളം പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ ആറ്റിങ്ങൽ ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു. പണയം വച്ചതും വിറ്റതുമായ സ്വർണാഭരണങ്ങൾ കണ്ടെടുത്ത് പൊലീസ് കോടതിയിൽ ഹാജരാക്കി. കഠിനംകുളം പൊലീസ് ഇൻസ്പെക്ടർ പി.വി. വിനോദ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.