*തുക പറയാതെ പണം അനുവദിച്ച് സർക്കാർ ഉത്തരവ്
തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലകേസിൽ സി.ബി.ഐ അന്വേഷണം ഒഴിവാക്കാൻ ഹൈക്കോടതിയിലെ അപ്പീൽ വാദിക്കുന്ന അഭിഭാഷകർക്ക് പണം അനുവദിച്ച് സർക്കാർ ഉത്തരവ്.
സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ മനീന്ദർ സിങ്ങും അദ്ദേഹത്തിന്റെ ജൂനിയർ പ്രഭാസ് ബജാജും നവംബർ 12,16 തീയതികളിൽ ഡൽഹിയിൽ നിന്ന് കൊച്ചിയിലേക്കും തിരിച്ചും ബിസിനസ് ക്ലാസിൽ നടത്തിയ വിമാനയാത്രയുടേയും പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചതിന്റെയും ചെലവാണ് എത്ര തുകയെന്ന് വ്യക്തമാക്കാതെ അനുവദിച്ചത് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്.
കഴിഞ്ഞ ഒക്ടോബറിലാണ് കേസ് ഹൈക്കോടതി സി.ബി.ഐക്ക് കൈമാറിയത്.പൊലീസ് അന്വേഷണത്തിലെ വീഴ്ചകൾ അക്കമിട്ട് നിരത്തിയാണ് ഹൈക്കോടതി കുറ്റപത്രം റദ്ദാക്കി കേസ് കൈമാറിയത്. 2019 ഒക്ടോബർ 25 ന് കേസ് എറ്റെടുത്തതായി സി.ബി.ഐ കോടതിയിൽ റിപ്പോർട്ട് നൽകി. എന്നാൽ സർക്കാർ അപ്പീലുമായി ഡിവിഷൻ ബഞ്ചിനെ സമീപിച്ചു. സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്തിട്ടില്ല. സർക്കാർ അപ്പീലിൽ വാദം പൂർത്തിയാക്കി ഹൈക്കോടതി വിധി പറയാൻ മാറ്റിയിരിക്കുകയാണ്.