തിരുവനന്തപുരം:ജില്ലയിൽ ഇന്നലെ രണ്ട് പേർക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. നെയ്യാറ്റിൻകര പത്താംകല്ല് ബ്രഹ്മംകോട് സ്വദേശിയായ 48കാരനും ചെറിയകൊല്ല മേലേപ്പാല സ്വദേശിയായ 68കാരനുമാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേരും നെയ്യാറ്റിൻകരയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇവരുടെ സഞ്ചാരപഥം തയ്യാറാക്കി വരികയാണ്. ഇന്നലെ 61 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ലഭിച്ച 108 പരിശോധനാഫലങ്ങൾ നെഗറ്റീവാണ്. പുതുതായി 67 പേർ രോഗനിരീക്ഷണത്തിലായി. 81 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി.1921 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്.
ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 11 പേരെ പ്രവേശിപ്പിച്ചു.16 പേരെ ഡിസ്ചാർജ് ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 28 പേരും ജനറൽ ആശുപത്രിയിൽ 12 പേരും ചേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ഒരാളും എസ്.എ.ടി ആശുപത്രിയിൽ ഒരാളും വിവിധ സ്വകാര്യ ആശുപത്രികളിൽ 10 പേരും ഉൾപ്പെടെ 52 പേർ ജില്ലയിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്.


ആകെ നിരീക്ഷണത്തിലുള്ളവർ- 2061
വീടുകളിൽ നിരീക്ഷണത്തിലുള്ളവർ- 1921
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ- 52
കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ- 88
പുതുതായി നിരീക്ഷണത്തിലായവർ- 67

രോഗികളുടെ റൂട്ട് മാപ്പ് തയ്യാറാക്കിവരുന്നു

നെയ്യാറ്റിൻകര: ജില്ലയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ച രണ്ടുപേരുടെയും റൂട്ട് മാപ്പ് ആരോഗ്യവിദഗ്ദ്ധർ പരിശോധിച്ചു വരികയാണ്.നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് രോഗബാധയുണ്ടെന്ന സംശയത്താലാണ് ഇരുവരെയും നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലേക്കും അവിടെ നിന്നു തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റിയത്. ഇവരുടെ രക്തവും സ്രവവും പരിശോധിച്ചപ്പോഴാണ് ആദ്യപരിശോധനയിൽ പോസിറ്റീവായി കണ്ടെത്തിയത്.
കൊവിഡ് പോസിറ്റീവ് ആയതറിഞ്ഞ് സ്വകാര്യ ആശുപത്രിക്ക് സമീപമുള്ള കടകളും ബ്രഹ്മംകോടുള്ള കടകളും നെയ്യാറ്റിൻകര പൊലീസ് എത്തി അടപ്പിച്ചു.
നെയ്യാറ്റിൻകര ബാലരാമപുരം സ്വദേശിയായ രോഗി പത്താംകല്ലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ബന്ധുവിനെ സന്ദർശിക്കാനെത്തിയതായിരുന്നു. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് പരിശോധനയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് അയച്ചത്. തുടർന്നാണ് രോഗം സ്ഥിരീകരിച്ചത്.
തമിഴ്നാട്ടുകാരനായ രോഗി സമീപപ്രദേശത്തെ ആരോടെല്ലാം സമ്പർക്കം പുലർത്തിയെന്നുള്ള റൂട്ട് മാപ്പ് ആരോഗ്യവിദഗ്ദ്ധർ പരിശോധിച്ചു വരികയാണ്. ഇയാൾ കൂടുതൽ പേരുമായി ഇടപെട്ടിട്ടുണ്ടെങ്കിൽ നെയ്യാറ്റിൻകര താലൂക്കിലെ പ്രധാന കേന്ദ്രങ്ങളിൽ ലോക്ക് ഡൗൺ ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.