തിരുവനന്തപുരം : സംസ്ഥാനത്ത് തരിശുഭൂമിയിൽ കൃഷിയിറക്കുന്നതിനും അതിലൂടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ബൃഹദ് പദ്ധതി കൃഷിവകുപ്പ് അടുത്ത മാസം മുതൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്ത് 1.09 ലക്ഷം ഹെക്ടർ തരിശുഭൂമിയുണ്ട്. ഇതിൽ തോട്ടവും പാടവും ഉൾപ്പെടും. തരിശു ഭൂമിയിൽ മുഴുവൻ കൃഷിയിറക്കുന്നതോടൊപ്പം 1.4 ലക്ഷം ഹെക്ടറിൽ ഇടവിള കൃഷി നടത്തും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം. ഇതിനായി ഒരു വർഷത്തിനകം 3,000 കോടി രൂപ ചെലവഴിക്കും. ഇതിൽ 1,500 കോടി രൂപ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും പദ്ധതി വിഹിതത്തിൽ നിന്ന് കണ്ടെത്തും. ബാക്കി 1,500 കോടി രൂപ നബാർഡിൽ നിന്നും സഹകരണ മേഖലയിൽ നിന്നും വായ്പയായി ലഭ്യമാക്കും.
തരിശുകിടക്കുന്ന ഭൂമി ഉടമ തന്നെ കൃഷി ചെയ്യുകയാണെങ്കിൽ അതിനുള്ള പിന്തുണ സർക്കാർ നൽകും. കൃഷിചെയ്യാൻ അവർക്ക് താൽപര്യമില്ലെങ്കിൽ അവരുടെ സമ്മതത്തോടെ സ്വയം സന്നദ്ധ സംഘങ്ങളോ കുടുംബശ്രീയോ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയോ കൃഷിയിറക്കും. ഇങ്ങനെ കൃഷിയിറക്കുമ്പോൾ ഉടമകളെ കൂടി പങ്കാളികളാക്കും.