തിരുവനന്തപുരം : മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന കോൺഗ്രസ്‌ ആവശ്യം സർക്കാർ ഉത്തരവ്‌ കത്തിച്ച്‌ ജനങ്ങളെ അപമാനിച്ചതിന്റെ ജാള്യത മറയ്‌ക്കാനും ജനശ്രദ്ധ വഴി തിരിക്കാൻ ലക്ഷ്യമിട്ടാണെന്നും സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പ്രസ്‌താവനയിൽ പറഞ്ഞു. പോത്തൻകോട്‌ ഗവ. യു.പി സ്‌കൂളിലെ കുട്ടികളിൽനിന്ന്‌ ദുരിതാശ്വാസനിധിയിലേക്കുള്ള തുക ഏറ്റുവാങ്ങിയ മന്ത്രി കടകംപള്ളി സുരേന്ദ്രൻ കൊവിഡ്‌ പ്രോട്ടോകോൾ ലംഘിച്ചെന്ന ആരോപണം കൊണ്ട്‌ സർക്കാർ ഉത്തരവ്‌ കത്തിച്ച അദ്ധ്യാപകരുടെ ഹീന കൃത്യത്തെ മറയ്‌ക്കാനാവില്ല. നാട്‌ ഒറ്റക്കെട്ടായി നിലകൊള്ളേണ്ട ഘട്ടത്തിൽ രാഷ്ട്രീയ ലക്ഷ്യങ്ങളോടുള്ള ഒരുകൂട്ടം അദ്ധ്യാപകരുടെ ചെയ്തികൾക്ക് ഇളം മനസുകളുടെ മാതൃകാ പ്രതിഷേധമായിരുന്നു ആ സംഭാവന. സർക്കാരിന്‌ വേണ്ടി മന്ത്രി ആ തുക ഏറ്റുവാങ്ങാൻ ചെന്നതാണ്‌ കോൺഗ്രസ്‌ നേതാക്കളെ ചൊടിപ്പിച്ചത്‌. മന്ത്രിയല്ല, തെറ്റുചെയ്‌ത അദ്ധ്യാപകരും അവരെ പിന്തുണയ്‌ക്കുന്ന കോൺഗ്രസുമാണ്‌ ജനങ്ങളോട്‌ മാപ്പു പറയാൻ തയ്യാറാകേണ്ടതെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു.