തിരുവനന്തപുരം: പറയേണ്ടത് പറഞ്ഞപ്പോൾ കൊള്ളേണ്ടിടത്ത് കൊണ്ടല്ലോയെന്നാണ് മുഖ്യമന്ത്രിയുടെ കരുതൽ പ്രഭാഷണത്തിനൊടുവിലെ രോഷപ്രകടനം കണ്ടപ്പോൾ തോന്നിയതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്റെ മറുപടി. കൊവിഡ് പ്രതിരോധത്തിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാരിന് ജാഗ്രതക്കുറവുണ്ടായി എന്നു തന്നെയാണ് തന്റെ നിലപാടെന്ന് ഫേസ്ബുക്കിൽ മുരളീധരൻ പ്രതികരിച്ചു.
35 ദിവസമായി ലോക്ക് ഡൗണിൽ തുടർന്നിട്ടും എങ്ങനെയാണ് വ്യത്യസ്ത ഇടങ്ങളിൽ ഉറവിടം വ്യക്തമല്ലാത്ത രോഗബാധിതരുണ്ടാകുന്നത്. ഇടുക്കിയിൽ മൂന്നും പാലക്കാട് ഒരു കേസും പോസിറ്റീവ് ആയത് രണ്ടാം ദിവസവും മറച്ചുവച്ച കള്ളക്കളി എന്തിനെന്ന് പിണറായി പറയണം. കൊവിഡ് ടെസ്റ്റുകളുടെ കാര്യത്തിൽ മുഴുവനും ഈ മറച്ചുവയ്ക്കൽ നടന്നിട്ടുണ്ടോ. സർക്കാരിന്റെ പ്രവർത്തനങ്ങൾ വിമർശനങ്ങൾക്ക് അതീതമാണെന്ന് ധരിക്കരുത്.
കൊവിഡ് പ്രതിരോധത്തിന്റെ കാര്യത്തിൽ മുഖ്യമന്ത്രിക്കും സർക്കാരിനും പറ്റിയ പിഴവ് ഏറ്റുപറയണമെന്നൊന്നും ആവശ്യപ്പെടുന്നില്ല. പകരം കൂടുതൽ ജാഗ്രതയോടെ മുന്നോട്ട് പോകണം.