ന്യൂഡൽഹി: അന്യസംസ്ഥാന തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങാന്‍ പ്രത്യേക ട്രെയിനുകള്‍ എന്ന സംസ്ഥാനങ്ങളുടെ ആവശ്യം കേന്ദ്രം സജീവമായി പരിഗണിക്കുന്നു. കേരളം, ബിഹാര്‍, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് പ്രത്യേക ട്രെയിന്‍ ആവശ്യപ്പെട്ടത്. ദിവസം 400 ട്രെയിനുകള്‍ ഓടിക്കാനാണ് സർക്കാർ ആലോചന. വിശദ റിപ്പോര്‍ട്ട് റെയില്‍വെ മന്ത്രാലയം ആഭ്യന്തരമന്ത്രാലയത്തിന് സമര്‍പ്പിച്ചു.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങിവരാൻ ആഗ്രഹിക്കുന്ന മലയാളികളുടെ ഓൺലൈൻ രജിസ്‌ട്രേഷൻ അരലക്ഷം കടന്നു. കർണാടകത്തിൽ നിന്ന് മാത്രം പതിനെണ്ണായിരം പേരാണ് രജിസ്റ്റർ ചെയ്തത്. മറ്റ് സംസ്ഥാനങ്ങളിൽ ചികിത്സയ്ക്ക് പോയവർ, കേരളത്തിലെ വിദഗ്ധ ചികിത്സയക്ക് രജിസ്റ്റർ ചെയ്യുകയും തീയതി നിശ്ചയിക്കപ്പെടുകയും ചെയ്ത മറ്റ് സംസ്ഥാനങ്ങളിലെ താമസക്കാർ, പഠനം പൂർത്തീകരിച്ച മലയാളികൾ, പരീക്ഷ, അഭിമുഖം, തീർത്ഥാടനം, വിനോദയാത്ര, ബന്ധുഗൃഹസന്ദർശനം എന്നിവയ്ക്കായി പോയവർ, ലോക്ക് ഡൗൺ മൂലം അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ, ജോലി നഷ്ടപ്പെട്ടവർ, റിട്ടയർ ചെയ്തവർ, കൃഷി ആവശ്യത്തിന് മറ്റ് സംസ്ഥാനങ്ങളിൽ പോയവർ എന്നിവർക്കാണ് പ്രഥമ പരിഗണന സർക്കാർ നൽകിയിരിക്കുന്നത്.