pravasi

ന്യൂഡൽഹി: കൊവിഡ് ലോക്‌ഡൗണില്‍ കുടുങ്ങിയ പ്രവാസികളെ രണ്ടു ഘട്ടമായി മടക്കിക്കൊണ്ടുവരാൻ കേന്ദ്രസർക്കാർ ആലോചന. ഗള്‍ഫ്, തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ളവരെ ആദ്യഘട്ടം കൊണ്ടുവരും. യുഎസ്, ബ്രിട്ടന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവരെ രണ്ടാംഘട്ടത്തില്‍ നാട്ടിലെത്തിക്കും. ജൂണ്‍ അവസാനംവരെ നീണ്ടുനില്‍ക്കുന്ന ഒഴിപ്പിക്കല്‍ പദ്ധതിക്കാണ് കേന്ദ്രം തുടക്കമിടുന്നത്.

ഗൾഫിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ വിവരശേഖരണം ഇന്ത്യൻ എംബസികൾ ആരംഭിച്ചിട്ടുണ്ട്. സൗദി അറേബ്യ, ബഹ്റിൻ, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളിലെ എംബസികൾ ഓൺലൈൻ വഴിയാണ് രജിസ്ട്രേഷൻ തുടങ്ങിയത്. യു.എ.ഇയിലെ ഇന്ത്യൻ എംബസി സാങ്കേതിക തകരാറിനെത്തുടർന്നു നിർത്തിവച്ച രജിസ്ട്രേഷൻ ഉടൻ പുനരാരംഭിക്കും.

ഇന്ത്യയിലേക്ക് എന്നു പോകാൻ കഴിയും, വിമാനസർവീസ് എന്ന് പുനരാരംഭിക്കും എന്നതടക്കമുള്ള കാര്യങ്ങൾ കേന്ദ്രസർക്കാർ നിർദേശപ്രകാരം അറിയിക്കുമെന്നും എംബസികൾ വ്യക്തമാക്കി.