കിളിമാനൂർ:രാജാ രവിവർമ്മയുടെ 172-ാം ജന്മദിനാഘോഷം ജന്മനാട്ടിൽ രാജാ രവിവർമ്മ കൾചറൽ സൊസൈറ്റിയും പുരോഗമന കലാസാഹിത്യ സംഘവും ഓൺലൈനായി നടത്തി.വാട്സ് അപ് കൂട്ടായ്മയിലൂടെയാണ് കൊവിഡ് കാലത്തെ അനുസ്മരണം നടന്നത്.രവിവർമ്മ ജനിച്ചു വളർന്ന കൊട്ടാരവും ചിത്രരചന നടത്തിയ സ്റ്റുഡിയോയും അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട കലാസൃഷ്ടികളും കണ്ടു കൊണ്ടാണ് അനുസ്മരണ ചടങ്ങ് ആരംഭിച്ചത്.പുരോഗമന കലാസാഹിത്യ സംഘം മുൻ ജനറൽ സെക്രട്ടറിയും സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗവുമായ പ്രൊഫ.വി.എൻ.മുരളി വീഡിയോ സന്ദേശത്തിലൂടെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.കേരള ലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് മുഖ്യ പ്രഭാഷണം നടത്തി.പ്രമുഖ ചിത്രകാരനും കഴിഞ്ഞ വർഷത്തെ രാജാ രവിവർമ്മ അവാർഡ് ജേതാവുമായ കാരക്കയാ മണ്ഡപം വിജയകുമാർ,ലളിതകലാ അക്കാദമി മുൻ സെക്രട്ടറിയും ചിത്രകാരനുമായ പൊന്ന്യം ചന്ദ്രൻ,കിളിമാനൂർ ഷാജി, 2000 ത്തിൽ സൊസൈറ്റിയുടെ രവിവർമ്മ അവാർഡ് ജേതാവ് മുരളി നാഗപ്പുഴ,ബി.പ്രേമചന്ദ്രൻ ,എസ്‌.ശ്രീകുമാർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.കിളിമാനൂരിൽ ഷാജിയുടെ നേതൃത്വത്തിൽ കുട്ടികൾ നടത്തുന്ന ചിത്രരചനയും പ്രദർശിപ്പിച്ചു. സൊസൈറ്റി പ്രസിഡന്റ് എം.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.ബി.പ്രേമചന്ദ്രൻ,എസ്.ശ്രീകുമാർ എന്നിവർ അനുസ്മരണം നടത്തി.പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറി പ്രസാദ് സ്വാഗതവും സൊസൈറ്റി സെക്രട്ടറി എസ്.രഘുനാഥൻ നന്ദിയും പറഞ്ഞു.