തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചതോടെ വീണ്ടും കർശന ജാഗ്രതാ നിർദ്ദേശം. പാറശാല താലൂക്ക് ആശുപത്രി, നെയ്യാറ്റിൻകരം നിംസ്, റോളൻഡ്സ് ആശുപത്രി എന്നിവിടങ്ങളിലെ ഡോക്ടർമാരും നഴ്സുമാരും നിരീക്ഷണത്തിലാണ്.
തലസ്ഥാന ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച രണ്ട് രോഗികളുടെയും റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പ്രസിദ്ധീകരിച്ചു. രോഗം സ്ഥിരീകരിച്ച നെയ്യാറ്റിൻകര സ്വദേശി ഇരുപത്തിയേഴാം തീയതി രാവിലെ ഏഴ് മണിയ്ക്ക് പത്താംകല്ല് എൻ.എസ്.എസ് കരയോഗത്തിന് സമീപം രക്തം ശർദ്ദിച്ചിരുന്നു. തുടർന്ന് ഇദ്ദേഹത്തെ രാവിലെ എട്ട് മണിയോടെ നെയ്യാറ്റിൻകര റോളൻഡ്സ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു.
അതിനുശേഷം ഇയാളെ സമീപത്തുള്ള നിംസ് ആശുപത്രിയിലേക്ക് മാറ്റുകയും ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. ഇയാൾ റോളൻഡ്സ് ആശുപത്രിയിലേക്ക് വന്ന ആട്ടോറിക്ഷയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. കൊവിഡ് സ്ഥിരീകരിച്ച തമിഴ്നാട് മേൽപ്പാല സ്വദേശി ആട്ടോറിക്ഷയിൽ ഇരുപത്തിയേഴിന് രാവിലെ ഒമ്പത് മണിയിക്ക് പാറശാല സർക്കാർ ആശുപത്രിയിൽ എത്തുകയായിരുന്നു.
ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത ഇയാളെ തൊട്ടടുത്ത ദിവസം മെഡിക്കൽ കോളേജിലേക്ക് വിട്ടു. ഉച്ചയ്ക്ക് രണ്ടരോയെ മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജായ ഇയാൾ നെയ്യാറ്റിൻകര നിംസിലേക്ക് പോയി. പരിശോധന ഫലം പോസിറ്റീവായതോടെ ഇയാളെ നിംസിലെ ഐസൊലേഷൻ വാർഡിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു.