green-mango

അങ്ങനെ ഒരു മാമ്പഴക്കാലം കൂടി വരവായി. ചക്കയും മാമ്പഴവും കപ്പയുമൊക്കെ എത്ര കിട്ടിയാലും മതിവരില്ല മലയാളികൾക്ക്. ചക്കയും കപ്പയുമെല്ലൊം ഉണക്കി സൂക്ഷിച്ച് വച്ച് മഴക്കാലത്തൊക്കെ ഉപയോഗിക്കാറുണ്ടെങ്കിലും മാങ്ങയെ അങ്ങനെ പലപ്പോഴും കഴിയാറില്ല. എന്നാൽ പച്ച മാങ്ങയെയും കേടുകൂടാതെ ദീർഘ കാലം സൂക്ഷിച്ചു വയ്ക്കാന്‍ പറ്റും. ഇങ്ങനെ പച്ചമാങ്ങ സൂക്ഷിച്ചു വച്ചാൽ സീസണല്ലാത്ത സമയത്ത് കറികളോ, അച്ചാറോ, ചമ്മന്തിയോ ഉണ്ടാക്കാം.

ഇതിനായി നല്ല മൂപ്പെത്തിയ പച്ചമാങ്ങ തെരഞ്ഞെടുത്തു തൊലി കളഞ്ഞു കഷ്ണങ്ങളായി മുറിക്കുക. ഏതു മാങ്ങയും ഉപയോഗിക്കാമെങ്കിലും മൂവാണ്ടൻ മാങ്ങയാണ് നല്ലത്. ഒരു പാത്രത്തിൽ ഒരു ടേബിൾ സ്പൂൺ വിനാഗിരിയും ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും കലർത്തിയ വെള്ളത്തിൽ, അരിഞ്ഞുവെച്ച മാങ്ങ മുങ്ങിക്കിടക്കുന്ന വിധത്തിൽ അഞ്ചു മിനിറ്റു മുക്കിവയ്ക്കുക. അതിനു ശേഷം മാങ്ങാക്കഷ്ണങ്ങളിലെ വെള്ളം മുഴുവൻ കളഞ്ഞു കഷണങ്ങൾ ഒട്ടിച്ചേരാത്ത വിധത്തിൽ പരന്ന പാത്രത്തിൽ ഫ്രീസറിൽ വച്ച് തണുപ്പിച്ചെടുക്കുക. ഈ കഷ്ണങ്ങൾ ഒരു പ്ലാസ്റ്റിക് ടിന്നിലോ കവറിലോ ആക്കി ഫ്രീസറിൽ സൂക്ഷിച്ചുവച്ചാൽ ഒരു വർഷത്തോളം നല്ല പച്ച മാങ്ങാ ചമ്മന്തിയോ അച്ചാറോ കൂട്ടി ചോറുണ്ണാം.