spinach

ഇലക്കറികളിൽ ഏറ്റവും പ്രധാനം ചീര തന്നെ. ഇലകൾക്കുവേണ്ടി മാത്രം കൃഷിചെയ്യുന്നതു കൊണ്ട് ഏറ്റവും കുറഞ്ഞകാലം കൊണ്ട് വിളവെടുക്കാവുന്ന വിളയാണ് ചീര. ഇലകൾക്ക് വളരാൻ സൂര്യപ്രകാശവും, ആവശ്യത്തിന് പോഷകഗുണമുള്ള മണ്ണിൽ എപ്പോഴും ഈർപ്പത്തിന്റെ സാന്നിധ്യവുമുണ്ടെങ്കിൽചീര കൃഷിയിൽവിജയം നേടാം. നേരിട്ടു വിത്തുപാകിയോ പറിച്ചുനട്ടോ പുതിയ തൈകൾ വളർത്തിയെടുക്കാം.

ബലം കുറഞ്ഞ തണ്ടുകളാണ് ചീരയുടേത്‌. മുറിച്ചെടുത്ത ചീര ചെറുതായി അരിഞ്ഞ് കറിവെക്കാനുപയോഗിക്കുന്നു. പാകം ചെയ്യാൻ പറ്റാതെ കളയാൻ ഒന്നുമില്ലാത്ത പൂർണ്ണമായും ഭക്ഷ്യയോഗ്യമായ പച്ചക്കറിയാണ് ചീര.

ചീരകൃഷി എളുപ്പമാണെങ്കിലും തുടക്കക്കാർക്ക് പലപ്പോഴും പരാജയം സംഭവിക്കാറുണ്ട്. വിജയകരമായ ചീരകൃഷിക്ക് ചില പ്രത്യേക ഘട്ടങ്ങളിലെ പരിചരണത്തെക്കുറിച്ചുള്ള അറിവ് പ്രധാനമാണ്. ഉറുമ്പുകളുടെ ഇഷ്ടഭക്ഷണമാണ് ചീര വിത്ത്.

ചീരവിത്ത് മുളപ്പിക്കാനായി ഗ്രോലബാഗിലോ, തടങ്ങളിലോ വിതറി ഇടുമ്പോൾ ഉറുമ്പു വരാതെ നോക്കണം. തടത്തിന്/ഗ്രോബാഗിന് ചുറ്റും ഒരു ചെറിയ ചരടിന്റെ വീതിയിൽ മഞ്ഞൾപൊടി തൂകിയാൽ ഉറുമ്പുകൾക്ക് അതിനുള്ളിലേക്ക് കടക്കാൻ സാധിക്കില്ല. എല്ലാ വിത്തുകളും മുളച്ചുകിട്ടുകയും ചെയ്യും.തയ്യാറാക്കിയ തടത്തില്‍/ഗ്രോബാഗില്‍ ധാരാളം ചാണകപ്പൊടിയോ, കമ്പോസ്റ്റോ കലർത്തി വിതറിയാണ് വിത്തുപാകൽ നടത്തേണ്ടത്.

വിത്തുപാകിയശേഷം നേർമ്മയായി നനച്ച് കൊടുക്കുമ്പോൾ വിത്ത് തനിയെ മണ്ണിനുള്ളിലേക്ക് ഇറങ്ങിക്കോളും. നനച്ചതിനുശേഷം തടത്തിന്/ഗ്രോബാഗിനു മുകളിൽ കുറച്ചുകൂടി ചാണകപ്പൊടിയോ കമ്പോസ്റ്റോ നേർത്ത ആവരണം പോലെ വിതറുന്നതും നല്ലതാണ്.

വിത്ത് മുളച്ച് ആദ്യത്തെ ഇലകൾ വിരിയുന്നതുവരെയുള്ള 5-10 ദിവസത്തെ നനയുടെ രീതി, അളവ്, വെള്ളം ചെറുതൈകളിൽ വീഴുന്നതിന്റെ ആഘാതം എന്നിവ വളരെ പ്രധാനപ്പെട്ടതാണ്. മണ്ണിൽ നല്ല ഈർപ്പം നിലനിർത്തുന്നതിനാവശ്യമായ നനയാണ് വേണ്ടത്. വേനൽക്കാല മാസങ്ങളിൽ ദിവസം രണ്ടുനേരം നനക്കേണ്ടിവരും.

കുഞ്ഞുചീരച്ചെടികൾക്ക് ആവശ്യത്തിന് മണ്ണിൽ പോഷകവും ഈർപ്പവും വേണമെന്നുമാത്രം. ചെടികളുടെ വേഗത്തിലുള്ള വളർച്ചയിൽ നിന്നും മണ്ണിന്റെ പോഷകഗുണം മനസ്സിലാക്കാം.

നല്ല വളക്കൂറുള്ള മണ്ണിൽ വളരുന്ന ചീരത്തടത്തിൽ നിന്നും ഓരോ 10 ദിവസം കഴിയുമ്പോളും വിളവെടുപ്പു നടത്താം. ഓരോ വിളവെടുപ്പിനുശേഷവും ചാണകം കലക്കിയോ 10 ഇരട്ടി നേർപ്പിച്ച ഗോമൂത്രമോ മാത്രം വളമായി ഒഴിച്ചുകൊടുത്തുകൊണ്ട് വിജയകരമായി ചീരകൃഷി ചെയ്യാം. അതും ജൈവരീതിയില്‍. ടെറസ്സ് കൃഷിക്ക് ഏറ്റവും അനുയോജ്യമായ വിളയാണ് ചീര.

നേരിട്ടു മഴ പതിക്കാത്ത സൺഷേഡിന് കീഴേ ഗ്രോബാഗുകളിൽ ആവശ്യമുള്ളത്ര തൈകൾ വളർത്തി എടുക്കാം. ഏറ്റവും കൂടുതൽ പ്രകാശം കിട്ടുന്നതും മഴ നേരിട്ടു പതിക്കാത്തതുമായ സ്ഥലമാണ് തെരഞ്ഞടുക്കേണ്ടത്.

ഫെബ്രുവരി മുതൽ മെയ് വരെയുള്ള സമയങ്ങളിൽ ചീരയുടെ പുഷ്പിക്കൽ കാലം കൂടിയാണ്. ഈ സമയത്ത് വിളവെടുക്കാൻ വൈകിയാൽ പൂങ്കുല രൂപപ്പെടും. പൂങ്കുല കണ്ടു തുടങ്ങിയാൽ ഉടനെ വിളവെടുക്കണം. പൂക്കൾ നുള്ളിക്കളഞ്ഞശേഷം വേണം ചീര വിൽക്കാൻ.

കുറെ തവണ വിളവെടുത്തു കഴിയുമ്പോൾ പുതുവളർച്ച സാവധാനത്തിലാവുകയും ഇലകളുടെ വലിപ്പം കുറയുകയും ചെയ്യും. അപ്പോൾ ഗ്രോബാഗിൽ പുതിയ മിശ്രിതം നിറച്ചശേഷം കൊണ്ടുവെച്ചും അടുത്ത സെറ്റ് തൈകൾ ഉപയോഗിച്ച് ചീരകൃഷി തുടരാം.