lock-down-

നെയ്യാറ്റിൻകര : അതിർത്തികളെല്ലാം മണ്ണിട്ടും ബാരിക്കേഡുപയോഗിച്ചും അടച്ചെങ്കിലും ഊടുപാതകൾ താണ്ടി തമിഴ്നാട്ടിൽ നിന്ന് ആളുകൾ കൂട്ടത്തോടെയെത്തുന്നത് സംസ്ഥാനത്തെ അതിർത്തി ഗ്രാമങ്ങളെ ഭീതിയിലാഴ്ത്തുന്നു.നെയ്യാറ്റിൻകര പത്താംകല്ല് സ്വദേശിക്കും തമിഴ്നാട് അതിർത്തിയായ മേപ്പാലത്ത് തമിഴ്നാട്ടുകാരനും രോഗം സ്ഥിരീകരിച്ചതിന്റെ ആശങ്കയ്ക്കിടെയാണ് ഇടവഴികളിലൂടെയുള്ള സഞ്ചാരം ഉത്കണ്ഠയ്ക്കിടയാക്കുന്നത്.കഴിഞ്ഞ രണ്ട് ദിവസങ്ങളായി കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്കുള്ള പാതകൾ പലതും മണ്ണിട്ടടച്ചതോടെ കേരള ഗ്രാമങ്ങൾ പലതും പുറത്തിറങ്ങാനാവാതെ ഒറ്റപ്പെട്ട അവസ്ഥയിലായി.

ചെറിയകൊല്ല,പന്നിമല,കത്തിപ്പാറ,പെരുവിള,കൊല്ലിയോട്,നെടുവാൻവിള,ഐങ്കാമം,ചെറുവാരക്കോണം,തോലടി പുലിയൂർശാല,കാരക്കോണം തുടങ്ങിയ പ്രദേശങ്ങളാണ് ഒറ്റപ്പെട്ടത്. എന്നാൽ ഇവിടങ്ങളിലെല്ലാം ഊടുവഴികൾ താണ്ടി തമിഴ്‌നാട്ടുകാർ യഥേഷ്ടം എത്തുന്നുണ്ട്. തമിഴ്‌നാട് രജിസ്ട്രേഷൻ വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടുമ്പോൾ കേരള വാഹനങ്ങൾ തമിഴ്‌നാട് പൊലീസ് പിടിച്ചെടുക്കുകയാണ് ചെയ്യുന്നത്.തമിഴ്‌നാട് അതിർത്തിയിലെ ചായക്കടകളിലുൾപ്പെടെ സാമൂഹ്യ അകലം പാലിക്കുകയോ ആരോഗ്യവകുപ്പ് ജീവനക്കാരുടെ നിർദേശങ്ങൾ അംഗീകരിക്കുകയോ ചെയ്യുന്നില്ല.

പനച്ചമൂട്,കുന്നത്തുകാൽ,ചെറിയകൊല്ല തുടങ്ങിയ വ്യാപാരകേന്ദ്രങ്ങളിൽ തമിഴ്‌നാട്ടിൽ നിന്നുള്ളവർ കൂട്ടമായെത്തുന്നു.ദേവികോട്,മാങ്കോട്,പുരവൂർ,ഇടക്കോട്,ശിവലോകം,വെള്ളച്ചിപ്പാറ തുടങ്ങിയ തമിഴ്‌നാടിലെ പ്രദേശങ്ങളിൽ നിന്ന് യാതൊരു നിയന്ത്രണവുമില്ലാതെ നിരവധിപേരാണ് ഇവിടേക്കെത്തുന്നത്.

കേരളാ അതിർത്തിയോട് ചേർന്ന തമിഴ്‌നാട്ടിൽ നിന്ന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ ഉണ്ടായില്ലെങ്കിൽ വൻ ദുരന്തങ്ങൾക്ക് കാരണമാകുമെന്ന ഭയപ്പാടിലാണ് നാട്ടുകാ‌ർ.