മുംബയ് : ബോളിവുഡിന്റെ ബോബിയ്ക്ക് വിട... ഇർഫാൻ ഖാന് പിന്നാലെ അർബുദത്തിന്റെ പിടിയിലമർന്ന് വേദനയിൽ കഴിഞ്ഞിരുന്ന റിഷി കപൂറും കാലത്തിന്റെ യവനികയിലേക്ക് മാഞ്ഞിരിക്കുന്നു. റിഷി കപൂർ എന്നും നമ്മുടെ മനസിൽ ഒരു നിത്യ ഹരിത നായകനായി മാറുന്നത് ബോബിയിലും ചാന്ദ്നിയിലൂടെയുമായിരുന്നു. ബോളിവുഡിലേക്കുള്ള റിഷിയുടെ അരങ്ങേറ്റം തന്നെ മികച്ച ബാലതാരത്തിനുള്ള ദേശിയ അവാർഡ് നേടിക്കൊണ്ടായിരുന്നു. 1970 ൽ പുറത്തിറങ്ങിയ മേരാ നാം ജോക്കർ എന്ന ഹിറ്റ് ചിത്രത്തിൽ അച്ഛൻ രാജ്കപൂർ അവതരിപ്പിച്ച രാജു എന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലം സ്ക്രീനിൽ പകർന്നാടുമ്പോൾ റിഷിയ്ക്ക് പ്രായം 17 ആയിരുന്നു.
1973ൽ പുറത്തിറങ്ങിയ ബോബിയിലൂടെ ബാലതാരത്തിന്റെ വേഷം അഴിച്ചു വച്ച് മുതിർന്ന നടൻമാരുടെ ലോകത്തേക്ക് പിച്ച വച്ചത് തന്നെ മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് നേടിക്കൊണ്ടും. ഡിംപിൾ കപാഡിയയായിരുന്നു ബോബിയിൽ റിഷിയുടെ നായിക. നൂറിലേറെ ചിത്രങ്ങൾ. അതിൽ 36ലേറെ ബോക്സ് ഓഫീസ് ഹിറ്റുകൾ. 12 ചിത്രങ്ങളിൽ നായികയായി ഒപ്പം അഭിനയിച്ച നടി നീതു സിംഗിനെ തന്നെയാണ് റിഷി ജീവിത സഖിയാക്കിയതും.
മുംബയിലെ ചെമ്പൂരിൽ ഇന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബത്തിൽ ജനനം. മുത്തച്ഛൻ പ്രിത്വിരാജ് കപൂറിൽ നിന്നും അച്ഛൻ രാജ് കപൂറിൽ നിന്നും അഭിനയത്തിന്റെ ബാലപാഠങ്ങൾ കണ്ടും കേട്ടും വളർന്ന റിഷിയ്ക്ക് സിനിമ സ്വന്തം കുടുംബം തന്നെയായിരുന്നു. അച്ഛൻ രാജ് കപൂറിനെ ' ദ ഗ്രേറ്റ് ഷോ മാൻ ' എന്നാണ് ഇന്ത്യൻ സിനിമ വിശേഷിപ്പിക്കുന്നത്. ഇന്ത്യൻ എൽവിസ് പ്രെസ്‌ലി എന്നറിയപ്പെട്ടിരുന്ന ഷമ്മി കപൂർ, ബോളിവുഡിലെ നിത്യഹരിത നായക വസന്തമായിരുന്ന ശശി കപൂർ എന്നീ അമ്മാവൻമാരും ഹിന്ദി സിനിമാലോകത്ത് പകരംവയ്ക്കാനില്ലാത്ത നായകൻമാരായിരുന്നു. സോളോ ഹീറോ ചിത്രങ്ങളിലും മൾട്ടി ഹീറോ ചിത്രങ്ങളിലും റിഷി ബോളിവുഡിൽ നിറഞ്ഞാടി. സോളോ നായകനായെത്തിയ 51 ചിത്രങ്ങളിൽ 11 എണ്ണം മാത്രമേ എന്നാൽ ബോക്സ് ഓഫീസിൽ വിജയം കണ്ടുള്ളു. എങ്കിലും അന്ന് റിഷിയുടെ കഥാപാത്രങ്ങൾ യുവാക്കളുടെ ഹരമായിരുന്നു.
ബോളിവുഡിന്റെ ആദ്യത്തെ ലേഡി സൂപ്പർ സ്റ്റാർ ശ്രീദേവിയോടൊപ്പം അഭിനയിച്ച രണ്ട് ചിത്രങ്ങങ്ങളായ നാഗിനയും, ചാന്ദിനിയും വമ്പൻ ഹിറ്റുകളായിരുന്നു. ചാന്ദ്നിയിൽ റിഷിയും ശ്രീദേവിയും ഒന്നിച്ച ഗാനങ്ങളെല്ലാം തന്നെ ജനഹൃദയങ്ങൾ ഏറ്റുപാടി. അന്ന് ബോളിവുഡിലുണ്ടായിരുന്ന എല്ലാ സ്റ്റീരിയോടൈപ്പ് ജോഡികൾക്കും റിഷി - ശ്രീദേവി ജോഡി വെല്ലുവിളിയായി. ശ്രീദേവിയെ ലേഡി സൂപ്പർസ്റ്റാർ പദവിയിലേക്കെത്തിച്ചതും ഈ രണ്ട് ചിത്രങ്ങളാണ്.
മൾട്ടി ഹീറോ ചിത്രങ്ങളിലാണ് റിഷി കൂടുതലും തിളങ്ങിയത്. കഭി കഭി, അമർ അക്ബർ ആന്റണി, ദീവാന തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ പ്രകടനം റിഷി കാഴ്ച വച്ചിരുന്നു.
1999ൽ രാജേഷ് ഖന്ന, ഐശ്വര്യ റായ്, അക്ഷയ് ഖന്ന എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ' അബ് അബ് ലൗട് ചലേ ' എന്ന ചിത്രം റിഷി കപൂർ സംവിധാനം ചെയ്തിരുന്നു. ബോക്സ് ഓഫീസിൽ വലിയ വിജയം കാണാതെ പോയ ചിത്രം ആർ.കെ ഫിലിംസിന്റെ ബാനറിൽ പുറത്തിറങ്ങിയ അവസാന ചിത്രമായിരുന്നു.
90 കൾക്ക് ശേഷം സഹനട വേഷമാണ് റിഷിയെ തേടിയെത്തിയത്. 2000ങ്ങളിൽ റിഷിയ്ക്ക് ലഭിച്ചത് മിക്കവയിലും പക്വതയേറിയ മുതിർന്ന കഥാപാത്രങ്ങൾ. യേ ഹൈ ജൽവ, ഹം തും, ഫനാ, നമസ്തേ ലണ്ടൻ, ലവ് ആജ് കൽ, പാട്യാല ഹൗസ്, അഗ്നിപത്, സ്റ്റുഡന്റ് ഒഫ് ദി ഇയർ തുടങ്ങിയ ചിത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട വേഷങ്ങളിലൂടെ റിഷി കൈയ്യടി നേടി. കപൂർ ആൻഡ് സൺസിൽ 90 കാരനായ മുത്തച്ഛന്റെ വേഷത്തിലും റിഷി അമ്പരപ്പിച്ചു.
2018ൽ ഉമേഷ് ശുക്ല സംവിധാനം ചെയ്ത ' 102 നോട്ട് ഔട്ട് ' എന്ന ചിത്രത്തിലൂടെ 27 വർഷങ്ങൾക്ക് ശേഷം അമിതാഭ് ബച്ചനൊപ്പം സ്ക്രീനിൽ ഒരുമിച്ചെത്തി. അമിതാഭ് ബച്ചൻ 102 വയസുള്ള അച്ഛനായും റിഷി കപൂർ 76 വയസുള്ള മകനായും അഭിനയിച്ചുവെന്നതാണ് ' 102 നോട്ട് ഔട്ടിന്റെ ' ഏറ്റവും വലിയ പ്രത്യേകത. ലോകത്തെ ഏറ്റവും പ്രായം കൂടിയ മനുഷ്യനെന്ന ഗിന്നസ് റെക്കോർഡ് തകർക്കാൻ ശ്രമിക്കുന്ന അച്ഛന്റെയും മകന്റെയും രസകരമായ കഥയാണ് 102 നോട്ട് ഔട്ട്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ഇമ്രാൻ ഹാഷ്മി മുഖ്യ വേഷത്തിലെത്തിയ ' ദ ബോഡി 'യാണ് റിഷിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.