പാറശാല:നെയ്യാറ്റിൻകരയിൽ രണ്ട് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുകയും മുൻസിപ്പാലിറ്റി വാർഡുകൾ ഹോട്ട് സ്പോട്ടായി തുടരുകയും ചെയ്തിട്ടും താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ രോഗഭീതി കൂസാതെ ജനം റോഡിലിറങ്ങുന്നത് രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് ഭീഷണിയാകുന്നു.താലൂക്കിന്റെ വിവിധ സ്ഥലങ്ങളിൽ പരിശോധനയ്ക്ക് വേണ്ടത്ര പൊലീസ് ഇല്ലാത്തതാണ് പ്രശ്നം. പാറശാല, വെള്ളറട, നെയ്യാറ്റിൻകര ഭാഗങ്ങളിൽ കടകൾ തുറക്കുന്നത് രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 മണി വരെയാക്കിയും അത്യാവശ്യത്തിനുള്ള കടകൾ മാത്രം തുറന്നാൽ മതിയെന്നുമായിരുന്നു നെയ്യാറ്റിൻകര ഡിവൈ എസ് പിയുടെ പ്രഖ്യാപനം.ഇതൊന്നും വകവയ്ക്കാതെ ഉദിയൻകുളങ്ങര, ധനുവച്ചപുരം, കൊറ്റാമം, ആനക്കൂന്ന് തുടങ്ങിയ പ്രദേശങ്ങളിൽ ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ പാലിക്കാതെ വൻ ആൾ തിരക്കാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്
ആൾ തിരക്ക് ഏറിയ ഉദിയൻകുളങ്ങരയിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ച് പൊലീസുകാരെ നിയോഗിച്ചിരുന്നു. അത് പിന്നീട് കുറയുകയും ഇപ്പോൾ ആരുമില്ലാത്ത അവസ്ഥയിലെത്തുകയും ചെയ്തിരിക്കുകയാണ്. ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ച നെയ്യാറ്റിൻകര മൂന്നുകല്ലിൻമൂട്, പാറശാല മേപ്പാല സ്വദേശികളുടെ സമ്പർക്കപ്പട്ടിക വരാനിരിക്കെ പ്രദേശത്തെ ജനത്തിരക്ക് ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്.