bevco-reopening

ഒമ്പത് സുരക്ഷാ നിർദ്ദേശങ്ങളുമായി എ.ഡിയുടെ സർക്കുലർ

തിരുവനന്തപുരം: ലോക്ക് ഡൗണിന് ശേഷം സംസ്ഥാനത്തെ ബിവറേജസ് ഷോപ്പുകളും വെയർഹൗസുകളും തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാൻ ബിവറജേസ് കോർപ്പറേഷൻ എം.ഡി സ്‌പർജൻ കുമാർ നിർദ്ദേശം നൽകി.

രാജ്യവ്യാപക ലോക്ക് ഡൗൺ മേയ് 3ന് ശേഷവും നിയന്ത്രണങ്ങളോടെ നീട്ടിയാലും, മദ്യശാലകൾ തുറക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയേക്കുമെന്ന ധാരണയിലാണ് നീക്കം. ഔട്ട്‌ലെറ്റുകളിൽ മദ്യം വാങ്ങാനെത്തുന്നവരുടെ ശരീരോഷ്‌മാവ് തെർമൽ സ്‌കാനർ ഉപയോഗിച്ച് പരിശോധിക്കണമെന്നതടക്കം ഒമ്പത് നിർദ്ദേശങ്ങളടങ്ങിയ സർക്കുലറാണ് പുറത്തിറക്കിയത്. തെർമൽ സ്‌കാനറുകൾ ബെവ്‌കോ ആസ്ഥാനത്ത് നിന്ന് നൽകും. തുറക്കുന്നതിന് മുമ്പ് ഔട്ട്‌‌ലെറ്റുകളുടെയും വെയർഹൗസുകളുടെയും അകവും പരിസരങ്ങളും അംഗീകാരമുള്ള ഏതെങ്കിലും ഏജൻസിയെക്കൊണ്ട് അണുവിമുക്തമാക്കണം. ഇക്കാര്യം എക്‌സൈസ് ഓഫീസുകളെ അറിയിക്കണം. ജീവനക്കാർ മാസ്‌കും, ഗ്ലൗസും ധരിക്കണം. കൈകൾ ശുചീകരിക്കുന്നതിന് സാനിറ്റൈസറും ലഭ്യമാക്കണം. ഇതിനുള്ള തുക ഷോപ്പുകളിൽ നിന്നെടുക്കാം. സാമൂഹ്യ അകലം പാലിക്കുന്നുണ്ടെന്നും,എല്ലാ ഷോപ്പുകളിലും വിപണനത്തിനാവശ്യമായ മദ്യമുണ്ടെന്നും മാനേജർമാർ ഉറപ്പാക്കണം.

അമിത മദ്യാസക്തിയുള്ളവർക്ക് ഡോക്ടറുടെ സർട്ടിഫിക്കറ്റുണ്ടെങ്കിൽ മദ്യം നൽകാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. അതേസമയം,​ ബെവ്കോ ഗോഡൗണുകൾ വഴി മദ്യം വിതരണം ചെയ്യുന്നതിന് സർക്കാർ അബ്കാരി നിയമത്തിൽ ഭേദഗതി വരുത്തിയിട്ടുണ്ട്. ഭാവിയിലെ ഓൺലൈൻ മദ്യവിൽപനയും മുന്നിൽക്കണ്ടാണിത്..

തീരുമാനിച്ചിട്ടില്ല:

മന്ത്രി രാമകൃഷ്ണൻ

മദ്യശാലകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു. തുറക്കുമ്പോൾ സ്വീകരിക്കേണ്ട കാര്യങ്ങൾ മാത്രമാണ് സർക്കുലറിലുള്ളത്..