കൊവിഡ് ലോക്ക് ഡൗൺ നമ്മുടെ ദിനചര്യകൾ പാടെ മാറ്റി മറിച്ചപ്പോൾ രോഗങ്ങൾ പിടിപെടാനുള്ള സാദ്ധ്യതയും ഏറിയിരിക്കുകയാണ്. ശാരീരിക അധ്വാനത്തിന്റെ അഭാവവും അമിതഭക്ഷണവും നമ്മുടെ ആരോഗ്യത്തിന് ഗുരുതരമായ ചില പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. നിങ്ങൾ വീട്ടിലിരുന്ന് ജോലിചെയ്യുമ്പോൾ നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഒരു പരിശോധന നടത്തുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. വീട്ടിൽ നിന്നുള്ള ഒരു കോൺഫറൻസ് കോളിൽ പങ്കെടുക്കുന്നതിനിടയിൽ രണ്ട് കാര്യങ്ങൾ സംഭവിക്കാം. ഒന്നുകിൽ ഇടയ്ക്കിടയ്ക്ക് അമിതമായി പായ്ക്കറ്റ് ഭക്ഷണം കഴിക്കുകയോ അല്ലെങ്കിൽ ഒന്നും കഴിക്കാതിരിക്കുകയോ ചെയ്യാം. ഇത് രണ്ടും ശരീരത്തിന് ദോഷമാണ്. അതിനാൽ, ഒരാൾ വീട്ടിൽ യഥാർത്ഥ സാമൂഹിക അകലം പാലിക്കേണ്ടത് റഫ്രിജറേറ്ററിലിൽ നിന്നാണ്. കൂടാതെ ജങ്ക് ഫുഡും പരമാവധി ഒഴിവാക്കേണ്ടതാണ്. വീട്ടിൽ താമസിക്കുന്ന സമയത്ത് നിങ്ങളുടെ ആരോഗ്യവും ഭക്ഷണക്രമവും താളം തെറ്റുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് ഓരോരുത്തരുടേയും ചുമതലയാണ്. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർ പ്രധാനമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ചുവടെ ചേർക്കുന്നു.
1. ജലാംശം നിലനിർത്തുക
ദിവസവും 8-12 ഗ്ലാസ് വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. നമ്മളിൽ പലരും പലപ്പോഴും ദാഹത്തെ വിശപ്പുമായി കൂട്ടിക്കുഴയ്ക്കാറുണ്ട്. നിർജ്ജലീകരണം ക്ഷീണത്തിലേക്ക് നയിക്കുകയും ഉൽപാദനക്ഷമതയെ ബാധിക്കുകയും ചെയ്യും. അതിനാൽ എത്ര ജോലിത്തിരക്കുണ്ടായാലും ആവശ്യത്തിന് വെള്ളം കുടിച്ചെന്ന് ഉറപ്പ് വരുത്താൻ മറക്കരുത്.
2. കോഫിയുടെ ഉപയോഗം
ദിവസം 2 കപ്പ് കാപ്പിയിൽ കൂടുതൽ കുടിയ്ക്കാതിരിക്കാൻ ശ്രമിക്കുക. ക്രീമുകളും പഞ്ചസാരയും ഒഴിവാക്കിയാൽ നന്നായിരിക്കും. ഇത് ഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും നിങ്ങളുടെ കലോറി കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. കോഫീൻ അടങ്ങിയ പാനീയങ്ങൾ അധികമായി ഉപയോഗിക്കുന്നത് ദഹനപ്രശ്നങ്ങൾക്കും തലവേദനയ്കും കാരണമാകും. വളരെ വൈകി കോഫി കുടിക്കുന്നത് ഉറക്കക്കുറവിന് കാരണമായേക്കാം.
3. ഭക്ഷണ സമയം ക്രമീകരിക്കുക
നിലവിൽ ഒരു സമയ ക്രമം അനുസരിച്ച് പ്രവർത്തിക്കാത്തതിനാൽ, ഭക്ഷണം ഒഴിവാക്കാതിരിക്കേണ്ടത് പ്രധാനമാണ്. പ്രഭാതഭക്ഷണം ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ്, നിങ്ങളുടെ പ്രഭാതഭക്ഷണം ആരോഗ്യകരമാണെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ഓട്സ്, പഴങ്ങൾ, പ്രോട്ടീൻ, ഫൈബർ ഭക്ഷണങ്ങളാൽ സമ്പന്നമായ പ്രഭാതഭക്ഷണം തയ്യാറാക്കി കഴിക്കുക. നിങ്ങളുടെ മറ്റെല്ലാ ഭക്ഷണവും ഇതിനനുസരിച്ച് ക്രമപ്പെടുത്തുക. ഉച്ചഭക്ഷണം, അത്താഴം സായാഹ്ന ലഘുഭക്ഷണം എന്നിവ ഇതിലുൽപ്പെടും. നിങ്ങൾ ശരിയായ സമയത്ത് ശരിയായ ഭക്ഷണം കഴിക്കുന്നില്ലെങ്കിൽ, നിങ്ങൾ തെറ്റായ ഭക്ഷണം കഴിക്കാൻ സാധ്യത കൂടുതലാണ്.. അതിനാൽ ഭക്ഷണം കൃത്യ സമയത്ത് കഴിക്കുന്നുവെന്ന് ഉറപ്പ് വരുത്തുക.
4. ജങ്ക് ഫുഡ് ഒഴിവാക്കുക
ലഘുഭക്ഷണത്തിനോ അമിതമായി ആഹാരം കഴിക്കുന്നതിനോ നിങ്ങളെ പ്രേരിപ്പിക്കുന്ന ജങ്ക്, ചോക്ലേറ്റ് പോലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക. ആളുകൾ നിറഞ്ഞ ഒരു ഓഫീസിൽ, ഒരു ബിസ്‌ക്കറ്റ് പായ്ക്കറ്റ് എല്ലാവരുമായി കഴിക്കുന്നത് വലിയ കാര്യമല്ല. എന്നാൽ വീട്ടിലിരുന്ന് ജോലിചെയ്യുമ്പോൾ, ഒരു മുഴുവൻ പാക്കറ്റ് ബിസ്‌ക്കറ്റ് പൂർത്തിയാക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമല്ല. ഇതിന് പകരം പഴങ്ങൾ, പച്ചക്കറികൾ, ഉണങ്ങിയ പഴങ്ങൾ, എന്നിവ കഴിക്കുക.
5. ജോലിയും ഭക്ഷണവും ഒരുമിച്ച് വേണ്ട
വീട്ടിൽ നിന്ന് ജോലിചെയ്യുമ്പോൾ ഉച്ചഭക്ഷണ ഇടവേളയിൽ ജോലി തുടരാൻ ശ്രമിക്കരുത്. ഇത് അമിതമായി ഭക്ഷണം കഴിക്കാൻ ഇടയാക്കും. പകരം, എഴുന്നേറ്റ് പോയി ഭക്ഷണം ശരിയായി ആസ്വദിക്കൂ. നിങ്ങൾ ഒരു ലഘുഭക്ഷണപ്രീയനാണെങ്കിൽ , പഴങ്ങൾ,ബദാം, അരിഞ്ഞ കാരറ്റ്, സ്റ്റഫ് ചെയ്ത ഈന്തപ്പഴം, പ്രോട്ടീൻ ബാറുകൾ എന്നിവ ഉപയോഗിക്കാം.
എല്ലാത്തിനുപരിയായി നിങ്ങളുടെ ആരോഗ്യത്തെപ്പറ്റി കൂടുതൽ ശ്രദ്ധാലുവായിരിക്കുക, ഭക്ഷണത്തെക്കുറിച്ച് ബോധവാന്മാരായിരിക്കുക. അവസാനമായി, ശുചിത്വം നിലനിർത്തുക.