തിരുവനന്തപുരം: പ്രവാസികൾക്ക് സർക്കാർ പ്രഖ്യാപിച്ച 5000 രൂപ സഹായം നവംബർ മുതൽ മടങ്ങിയെത്തിയവർക്കും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി.
വിസാ കാലാവധി കഴിഞ്ഞ് ഏറ്റവും കൂടുതൽ പ്രവാസികൾ കേരളത്തിലേക്ക് മടങ്ങിയെത്തിയത് നവംബർ, ഡിസംബർ മാസത്തിലാണ്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇവർക്ക് മടങ്ങിപ്പോക്ക് സാദ്ധ്യമായിട്ടില്ല. സർക്കാർ പ്രഖ്യാപിച്ച 5000 രൂപ ജനുവരി ഒന്നിന് ശേഷം തിരികെയെത്തിയവർക്കേയുള്ളൂ. അക്ഷയകേന്ദ്രങ്ങളും മറ്റും തുറക്കാത്തതിനാലും മറ്റ് സാങ്കേതികകാരണങ്ങളാലും പലർക്കും അപേക്ഷിക്കാനുമായിട്ടില്ല. അതിനാൽ അപേക്ഷിക്കാനുള്ള കാലാവധി നീട്ടണം. പ്രവാസി ക്ഷേമനിധിയിൽ അംഗങ്ങളായവർക്കുള്ള 1000 രൂപ സഹായം പ്രവാസി ക്ഷേമനിധിയിൽ നിന്നു പെൻഷൻ പറ്റുന്ന 15000 പേർക്ക് മാത്രമായി പരിമിതിപ്പെടുത്തിയത് പുനഃപരിശോധിക്കണമെന്നും ഹസൻ ആവശ്യപ്പെട്ടു.