' പ്യാർ ഹുവാ, ഇഖ്‌രാർ ഹുവാ... ' കോരിച്ചൊരിയുന്ന മഴയിൽ ലതാ മങ്കേഷ്കറുടെയും മന്നാഡേയുടെയും നിത്യഹരിത സ്വരമാധുരിയിൽ ഇഴുകിച്ചേർന്ന് രാജ് കപൂറും നർഗീസും തകർത്തഭിയിച്ച റൊമാന്റിക് ഹിറ്റ് ഗാനം. റിലീസായി ആറ് ദശാബ്ദങ്ങൾ പിന്നിട്ടിട്ടും ഓർമയിൽ മായാതെ നില്ക്കുന്ന ഈ നിത്യഹരിത ഗാനത്തിലെ ഓരോ ഫ്രെയിമുകളും ഇന്ത്യൻ സിനിമാ ചരിത്രത്തിലെ മായാത്ത താളുകളാണ്. രാജ് കപൂർ തന്നെ സംവിധാനം ചെയ്ത ' ശ്രീ 420 ' ലെ ഈ ഗാനത്തിൽ ഒരു സീനുണ്ട്. മഴത്ത് റെയിൻ കോട്ടും ധരിച്ച് റോഡരികിലൂടെ നടന്നു പോകുന്ന മൂന്ന് കൊച്ചു കുട്ടികളെ നർഗീസ് രാജ് കപൂറിന് കാട്ടിക്കൊടുക്കുന്ന രംഗം. കൂട്ടത്തിൽ ഏറ്റവും ചെറിയ കുട്ടിയ്ക്ക് ഏകദേശം 2 - 3 വയസ് മാത്രമേ പ്രായമുള്ളു. കൂടെയുള്ള കുട്ടിയുടെ കൈയിൽ തൂങ്ങി കാമറയിൽ നോക്കി നാണം കുണുങ്ങി നടന്നകന്ന ആ കുഞ്ഞ് സെറ്റിലെ എല്ലാവരുടെയും ഓമനയായിരുന്നു. ഗാനരംഗത്തിനിടെ മഴയത്ത് കൂടി നടന്നു പോകുന്ന ഷോട്ട് ഷൂട്ട് ചെയ്യാൻ ആ കൊച്ചു കുട്ടി ഒരു തരത്തിലും സമ്മതിച്ചിരുന്നില്ല. ഒടുവിൽ നടി നർഗീസിനൊരു ബുദ്ധി തോന്നി. അല്പം ചോക്കേറ്റ് കാട്ടി അവനെ വശത്താക്കി. നർഗീസ് പറഞ്ഞ പോലെ അവൻ മറ്റ് രണ്ട് കുട്ടികൾക്കൊപ്പം മഴയത്ത് റോഡരികിലൂടെ നടക്കുന്ന രംഗം അഭിനയിച്ചു. കരയാതെ, ബഹളം വയ്ക്കാതെ പ്രത്യേകിച്ച് മുഖഭാവമെന്നുമില്ലാതെ സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള വെറുതെ ഒരു നടത്തം.! അന്ന് നർഗീസിന്റെ കൈയ്യിൽ നിന്നും ചോക്ലേറ്റ് കൈക്കൂലി വാങ്ങി അഭിനയം തുടങ്ങിയ ആ രണ്ടു വയസുകാരൻ രാജ് കപൂറിന്റെയും കൃഷ്ണാ കപൂറിന്റെയും അഞ്ച് മക്കളിൽ മൂന്നാമത്തവനായ ഋഷി കപൂറായിരുന്നു.
പിന്നീട് ബോബിയിലെ ' ഹം തും ഏക് കമരേ മേം ഹോ ', കർസിലെ ' ഓം ശാന്തി ഓം' മുതൽ 90 കളിൽ ചാന്ദ്നിയിലെ ' ചാന്ദ്നി ഓ മേരി ചാന്ദ്നി' ദീവാനയിലെ ' പായലിയാ ' തുടങ്ങി ഒരു പിടി റൊമാന്റിക് ഹിറ്റ് ഗാനങ്ങളിലൂടെ യുവഹൃദയങ്ങളെ കീഴടക്കിയ ചോക്ലേറ്റ് സുന്ദരനായി മാറി ഋഷി.
അമിതാഭ് ബച്ചനും രാജേഷ് ഖന്നയുമൊക്കെ അരങ്ങുതകർത്ത കാലത്ത് സോളോ നായകനായി അധികം ശ്രദ്ധ നേടാനായില്ലെങ്കിലും ഏറ്റവും നന്നായി റൊമാന്റിക് വേഷങ്ങൾ കൈകാര്യം ചെയ്യാൻ സാധിച്ച യുവ നടൻ ഋഷിയായിരുന്നു.
ആദ്യമൊക്കെ അമിതാഭ് ബച്ചനും ഋഷിയും തമ്മിൽ അധികം സംസാരിക്കില്ലായിരുന്നു. അമർ അക്ബർ ആന്റണിയുടെ വരവോടെ അത് പൂർണമായും മാറി ഇരുവരും തമ്മിൽ സുഹൃദ് ബന്ധത്തിനപ്പുറമുള്ള ആത്മബന്ധം പടുത്തുയർത്തി. 1977ൽ പുറത്തിറങ്ങിയ അമർ അക്ബർ ആന്റണി ബോളിവുഡിലെ മസാല സിനിമാ ചരിത്രത്തിലെ നാഴികകല്ലാണ്. അമറായി വിനോദ് ഖന്നയും അക്ബറായി ഋഷിയും ആന്റണിയായി ബച്ചനുമെത്തിയപ്പോൾ ഋഷിയുടെ നായികയായെത്തിയത് ജീവിത സഖി നീതു സിംഗ് തന്നെയായിരുന്നു. വെള്ളിത്തിരയിലേതുപോലെ തന്നെ അതിനു പുറത്തും ബച്ചനും ഖന്നയും ഋഷിയും ആത്മ സുഹൃത്തുക്കൾ. അമർ അക്ബർ ആന്റണിയിലെ അമർ (വിനോദ് ഖന്ന) മൂന്ന് വർഷം മുമ്പ് ഏപ്രിൽ മാസത്തിലാണ് കാൻസറിനോട് മല്ലിട്ട് വിട പറഞ്ഞത്. ഇപ്പോൾ ആന്റണിയെ തനിച്ചാക്കി പിണക്കങ്ങളും സൗഹൃദങ്ങളും കൂടിക്കലർത്തിയ നല്ല ഓർമകൾ ബാക്കിയാക്കി അക്ബറും അമറിന്റടുത്തേക്ക് യാത്രയായിരിക്കുന്നു.