pic

തിരുവനന്തപുരം : കൊവിഡ് കേസുകൾ മാറി മറിയുമ്പോൾ രോഗഭീതി ഒഴിഞ്ഞു നിന്ന സംസ്ഥാനം വീണ്ടും ആശങ്കയുടെ നിഴലിലായി. ഗ്രീൻ, ഓറഞ്ച് സോണുകളിലായിരുന്ന ജില്ലകൾ പലതും റെഡ് സോണുകൾക്ക് സമാനമായ സാഹചര്യത്തിലേക്ക് മാറിയതാണ് ആരോഗ്യപ്രവർത്തകർക്കൊപ്പം പൊതുജനങ്ങളെയും ഭീതിയിലാക്കിയിരിക്കുന്നത്. കൊവിഡ് നിയന്ത്രണ വിധേയമായതോടെ മലബാർ മേഖലയിലെ നാല് ജില്ലകളൊഴികെ സംസ്ഥാനത്ത് കോട്ടയം, ഇടുക്കി ജില്ലകൾ ഗ്രീൻസോണിലേക്കും മറ്റ് ജില്ലകൾ ഓറഞ്ച് സോണിലേക്കും മാറിയിരുന്നു. ഓറഞ്ച് സോണിലായിരുന്ന ജില്ലകളിലെ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങിവന്നുകൊണ്ടിരിക്കെയാണ് ആരോഗ്യപ്രവർത്തകരിൽ അമ്പരപ്പ് ഉളവാക്കുംവിധം കോട്ടയം, ഇടുക്കി, കൊല്ലം ജില്ലകളിൽ ആരോഗ്യ പ്രവ‌ർത്തകരുൾപ്പെടെയുള്ളവരിലേക്ക് മഹാമാരി വ്യാപിച്ചത്.

ഇടുക്കി ഏലപ്പാറയിലെ ഡോക്ടറും ആശാവർക്കറുമുൾപ്പെടെ ആറുപേർക്കും കോട്ടയത്ത് രണ്ട് നഴ്സുമാർക്കും ചുമട്ട് തൊഴിലാളി, വ്യാപാരി, വിദ്യാർത്ഥികൾ എന്നിവരുൾപ്പെടെ നിരവധിപേർക്ക് രോഗബാധയുണ്ടായതോടെ രണ്ട് ജില്ലകളും പൊടുന്നനെ റെഡ് സോണിലേക്ക് മാറി.ഇടുക്കിയിൽ ഡോക്ടറുൾപ്പെടെയുളളവരുടെ പരിശോധനാഫലം കഴിഞ്ഞദിവസം നെഗറ്റീവായത് ആയെങ്കിലും അടുത്ത ഘട്ട പരിശോധനാഫലം കൂടി വന്നെങ്കിലേ ഇവർക്ക് ആശുപത്രിയിൽ ഡിസ്ചാർജ് ചെയ്യൂ. ഇവിടങ്ങളിൽ കടുത്ത ജാഗ്രതയും നിയന്ത്രണങ്ങളും തുടരുമ്പോഴാണ് കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിൽ മൂന്നുപേർക്കും പിന്നാലെ ഗൾഫിൽ നിന്നെത്തിയ ശാസ്താംകോട്ടയിലെ ഏഴുവയസുകാരി ,ചാത്തന്നൂരിലെ ആരോഗ്യ പ്രവർത്തക, ഇവരെ സന്ദർശിച്ച സാമൂഹ്യപ്രവ‌ർത്തകൻ, ഓച്ചിറയിലെത്തിയ ആന്ധ്രാസ്വദേശിയായ ലോറി ഡ്രൈവർ എന്നിവരിൽ കൊവിഡ് കണ്ടെത്തിയതോടെയാണ് കൊല്ലം ജില്ല വീണ്ടും റെഡ് സോണിന് സമാനമായ സാഹചര്യത്തിലെത്തിയത്. നഴ്സിനും ഇവരെ സന്ദർശിച്ച പൊതുപ്രവ‌ർത്തകനും രോഗം സ്ഥിരീകരിച്ചതോടെ ചാത്തന്നൂരിൽ ലോക്ക് ഡൗൺ നിർദേശങ്ങൾ കടുപ്പിച്ചിരിക്കുകയാണ്.

ശാസ്താംകോട്ട പാറയിൽ മുക്ക് സ്വദേശിനിയായ ഏഴുവയസുകാരിയുടെ രോഗബാധയെ തുടർന്ന് ശാസ്താംകോട്ട പഞ്ചായത്ത്, കുട്ടിയെ ആദ്യംപ്രവേശിപ്പിച്ച കരുനാഗപ്പള്ളിതാലൂക്ക് ആശുപത്രി തുടങ്ങിയ സ്ഥലങ്ങളെല്ലാം അതീവ ജാഗ്രതാ പ്രദേശങ്ങളുടെ പട്ടികയിലാണ്. ആന്ധ്ര സ്വദേശിയായ ലോറി ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചതോടെ ഇയാൾ ക്വാറന്റൈനിൽ കഴിഞ്ഞ ഓച്ചിറ ക്ഷേത്രത്തിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിഞ്ഞ മറ്റുള്ളവരും അവരുടെ കുടുംബാംഗങ്ങളും ആശങ്കാകുലരാണ്. സ്ഥിതിഗതികൾ കൈവിട്ട് പോകാതിരിക്കാൻ ഓച്ചിറ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ഏതാനും ദിവസം മുമ്പ് വരെ ഹോട്ട് സ്പോട്ടായിരുന്ന തിരുവനന്തപുരം നഗരസഭാ പ്രദേശവും വ‌ർക്കല മുൻസിപ്പാലിറ്റിയും മലയിൻകീഴ് പഞ്ചായത്തും ഹോട്ട് സ്പോട്ടിൽ നിന്ന് മാറ്റപ്പെടുകയും ഓറഞ്ച് സോണിലേക്ക് മാറിയ ജില്ലയിൽ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുകയും ചെയ്യുന്നതിനിടെയാണ് നെയ്യാറ്റിൻകരയിൽ തമിഴ്നാട് സ്വദേശിയുൾപ്പെടെ രണ്ടുപേർക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ ഒരാളുടെ രോഗബാധയുടെ ഉറവിടം കണ്ടെത്താനാകാത്തും സമ്പർക്കപ്പട്ടിക പൂർണമാകാത്തതുമാണ് തലസ്ഥാന ജില്ലയെ വീണ്ടും ആശങ്കയിലാക്കിയിരിക്കുന്നത്.

കൊവിഡ് പ്രതിരോധത്തിൽ മാതൃകയാകുകയും മൂന്നാംഘട്ട പ്രതിരോധ പ്രവർത്തനങ്ങളിലും സമൂഹവ്യാപനമുൾപ്പെടെയുള്ള സാദ്ധ്യതകളെ കണ്ടറിഞ്ഞുള്ള കരുതൽ നടപടികളിലും സംസ്ഥാന ആരോഗ്യവകുപ്പ് വ്യാപൃതമായിരിക്കെയാണ് ഒറ്റപ്പെട്ട കേസുകൾ പലയിടങ്ങളിലായി തലപൊക്കുകയും സമ്പർക്കപ്പട്ടികയിലുള്ളവർക്ക് രോഗം സ്ഥരീകരിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം. രോഗബാധിത രാജ്യങ്ങളിൽ നിന്ന് പ്രവാസികളുൾപ്പെടെ നാട്ടിലേക്ക് വരാനുള്ള തയ്യാറെടുപ്പുകൾ തുടരുന്നതിനിടെ സംസ്ഥാനത്തെ വീണ്ടും കൊവിഡ് വ്യാപിക്കുന്നതാണ് ജനങ്ങളെയും ആരോഗ്യപ്രവർത്തകരെയും ആശങ്കയിലാക്കുന്നത്.