തിരുവനന്തപുരം : അയവില്ലാത്ത നിയന്ത്രങ്ങളുടെയും ചിട്ടയായ പ്രവർത്തനത്തിന്റെയും ഫലമായി ഒഴിഞ്ഞുപോയിയെന്നു കരുതിയ കൊവിഡ്
അതിർത്തി കടന്ന് തിരികെയെത്തുന്നുവെന്നത് ജില്ലയെ വീണ്ടും അസ്വസ്ഥമാക്കുന്നു. കൊവിഡ് രോഗികൾ കൂടുതലായുള്ള തമിഴ്‌നാട് -കേരള അതിർത്തിയിലെ മേപ്പാലം സ്വദേശിക്കും തമിഴ് വിദ്യാർത്ഥികൾ കൂടുതലായി പഠിപ്പിക്കുന്ന പി.എസ്.സി കോച്ചിംഗ് സെന്ററിലെ അദ്ധ്യാപകനും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ജില്ല വീണ്ടും ആശങ്കയുടെ പിടിയിലമർന്നത്.
കെവിഡ് ബാധയെത്തുടർന്ന് നെയ്യാറ്റിൻകര നഗരസഭയിലെ 1 മുതൽ 5 വരെയും 40 മുതൽ 44 വരെയുമുള്ള 10 വാർഡുകളും ബാലരാമപുരം, പാറശ്ശാല, കുന്നത്തുകാൽ, വെള്ളറട പഞ്ചായത്തുകളും ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചിരിക്കുകയാണ്.
തമിഴ്‌നാട്ടിൽ നിന്നാകാം ഇരുവർക്കും രോഗബാധയുണ്ടായതെന്ന സംശയത്തിലാണ് ആരോഗ്യപ്രവർത്തകർ. അതിർത്തിയിലെ പ്രധാന വഴികളിൽ പൊലീസ് നിരീക്ഷണമുണ്ടെങ്കിലും ഇടവഴികളിലൂടെ തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കാൽനടയായി എത്തുന്നവരെ കണ്ടെത്താൻ കഴിയുന്നില്ലെന്നതാണ് പ്രധാന വെല്ലുവിളി. തമിഴ്നാട് സ്വദേശികൾ പച്ചക്കറി വണ്ടികളിലും മറ്റും കേരളത്തിൽ ഒളിച്ചുകടക്കുന്നത് രോഗവ്യാപനത്തിന് കാരണമായിട്ടുണ്ടെന്ന സംശയത്തിലാണ് നാട്ടുകാർ.
തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് ലോറികളിൽ ഒളിച്ചുകടക്കുന്നവരുടെ എണ്ണവും ദിനംപ്രതി കൂടുകയാണ്. അതിർത്തി കടന്നെത്തിയ തിരുനെൽവേലി സ്വദേശികളായ ദമ്പതികളെയും ഡ്രൈവറെയുമടക്കം നിരവധിപേരെയാണ് കഴിഞ്ഞദിവസങ്ങളിൽ പൊലീസ് പിടികൂടി നിരീക്ഷണത്തിലാക്കിയത്. ദിവസേന ഇത്തരം കേസുകൾ കൂടുന്നത് സംസ്ഥാനത്തിന്റെ രോഗനിയന്ത്രണത്തിന് തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. രണ്ടുപേർ കൊവിഡ് രോഗം ഭേദമായി ആശുപത്രി വിട്ടതോടെ ഓറഞ്ച് സോണിലേക്ക് മാറിയ തിരുവനന്തപുരം ജില്ലയിൽ വീണ്ടും പുതിയ കേസുകൾ വന്നതതോടെ നെയ്യാറ്റിൻകര താലൂക്കുൾപ്പെടെ ജില്ലയാകമാനം കനത്ത ജാഗ്രതയിലാണ്.