വാഷിംഗ്ടൺ: ആഫ്രിക്കയിൽ കൊവിഡിനെ നേരിടാൻ വമ്പൻ സംഭാവന നൽകിയിരിക്കുകയാണ് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്. ബിൽ ഗേറ്റ്സും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടിക് ടോക്കും ചേർന്ന് ആഗോള ആരോഗ്യ പങ്കാളിത്തത്തിനായി 20 മില്യൺ ഡോളറാണ് സംഭാവന നൽകിയത്. കൊവിഡിനെതിരായ വാക്സിൻ കണ്ടെത്തുന്ന മുറയ്ക്ക് അതിന്റെ ലഭ്യത ആഫ്രിക്കയിൽ ഉറപ്പാക്കുക എന്നതാണ് ഈ സംഭാവനകൊണ്ട് ലക്ഷ്യമിടുന്നത്.
താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലെ ആളുകൾക്ക് വാക്സിനുകൾ ലഭ്യമാക്കുന്നതിനായി പ്രവർത്തിക്കുന്ന സംരംഭമായ ഗാവി വാക്സിൻ അലയൻസിന് ഗേറ്റ്സ്, ടിക്ക് ടോക്ക് എന്നിവർ 10 ദശലക്ഷം ഡോളറാണ് നൽകിയത് ഇതിലൂടെ ആഫ്രിക്കയ്ക്ക് സഹായമെത്തിക്കുക എന്നതാണ് ബിൽ ഗേറ്റ്സും ടിക് ടോക്കും ലക്ഷ്യമിടുന്നത്. കൊവിഡിനെതിരായ പ്രതിരോധത്തിന്റെ നായകനായി മാറിയിരിയ്ക്കുകയാണ് ലോകത്തെ രണ്ടാമത്തെ കോടീശ്വരനും മൈക്രോസോഫ്ട് സഹസ്ഥാപകനുമായ ബിൽ ഗേറ്റ്സ്.
കൊവിഡ് പ്രതിരോധത്തിനായി ഇതിനോടകം ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ചാരിറ്റബിൾ ഫൗണ്ടേഷൻ $250 മില്യൺ ആണ് നീക്കിവച്ചിട്ടുള്ളത്. കൊവിഡിന്റെ രണ്ടാംവരവ് ഭീകരമാകുമെന്ന് അദ്ദേഹം ലോകരാഷ്ട്രങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിയ്ക്കുകയാണ്. കൊവിഡ് നിയന്ത്രണവിധേയമാകാതെ രാജ്യം തുറന്നുകൊടുത്താൽ രണ്ടാംവരവ് ഭീകരമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.