ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ കൊവിഡ് രോഗികളുമായി നേരിട്ട് സമ്പർക്കം പുലർത്തിയ നഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരെ നിരീക്ഷണത്തിലാക്കാതെ നിർബന്ധിച്ച് ജോലി ചെയ്യിക്കുന്നതായി പരാതി.
മജീദിയ, ബത്ര ആശുപത്രികളിലാണ് ആരോഗ്യപ്രവർത്തകരെക്കൊണ്ട് നിർബന്ധിച്ച് ജോലിയെടുപ്പിക്കുന്നത്. മജീദിയ ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരുന്ന രോഗിക്ക് ഇന്നലെയാണ് കോവിഡ് സ്ഥിരീകരിച്ചത്.രോഗിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരിൽ നാല് മലയാളി നഴ്സുമാർ ഉൾപ്പെടെ 20 ആരോഗ്യ പ്രവർത്തകരുണ്ട്. ഇവരോട് ഇതുവരെ നിരീക്ഷണത്തിൽപോകാൻ അധികൃതർ ആവശ്യപ്പെടുകയോ അതിനുള്ള നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല.
ബത്ര ആശുപത്രിയിൽ രോഗിയുമായി സമ്പർക്കം പുലർത്തിയതിനാൽ നിരീക്ഷണത്തിലായവരോട് 14 ദിവസം കഴിയുന്നതിന് മുമ്പ് ജോലിയിൽ പ്രവേശിക്കാനും നിർദേശം നൽകി. അഞ്ചുമലയാളി നഴ്സുമാർ ഉൾപ്പെടെ പതിനഞ്ചുപേരാണ ഇതിലുള്ളത്.ഇതിൽ ചിലർക്ക് വൈറസ് ബാധയുടെ ലക്ഷണങ്ങളുമുണ്ട്.
നേരത്തെ ഡൽഹിയിലും മുംബയിലുമുള്ള ആശുപത്രികളിൽ രോഗബാധ സംശയിക്കുന്ന മലയാളി നഴ്സുമാരെ നിരീക്ഷണത്തിൽ പോകാൻ അനുവദിക്കാതെ നിർബന്ധിച്ച് ജോലിചെയ്യിച്ച സംഭവങ്ങൾ പുറത്തുവന്നിരുന്നു.