usa-

ന്യൂഡൽഹി: കൊവിഡിനെതിരായ ഇന്ത്യയുടെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് അമേരിക്കയുടെ വക മൂന്ന് മില്യൺ ഡോളർ കൂടി. നേരത്തെ, 2.9 മില്യൺ ഡോളർ ഇന്ത്യക്ക് യു.എസ് അനുവദിച്ചിരുന്നു. ഇതുകൂടാതെയാണ് ഇപ്പോൾ മൂന്ന് മില്യൺ ഡോളറിന്റെ സഹായം കൂടെ ലഭിക്കുന്നത്. ഇതോടെ ആകെ 5.9 മില്യൺ ഡോളിറിന്റെ സഹായമാണ് യു.എസ് ഇന്ത്യക്ക് നൽകിയിരിക്കുന്നത്.

പാർട്ണർഷിപ്പ് ഫോർ അഫോഡബിൾ ഹെൽത്ത് കെയർ ആക്സസ് ആൻഡ് ലോൻജെവിറ്റി(പഹൽ) പദ്ധതിക്കാണ് മൂന്ന് മില്യൺ ഡോളർ സഹായം നൽകുമെന്ന് യു.എസ് അറിയിച്ചു. ഇന്ത്യയിലുള്ള യുഎസ് അംബാസഡർ കെന്നത്ത് ജസ്റ്റർ ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയും യു.എസും തമ്മിലുള്ള ശക്തമായ പങ്കാളിത്തത്തിന്റെ ഉദാഹരണമാണ് അധിക ധനസഹായമെന്നാണ് കെന്നത്ത് ജസ്റ്റർ പറഞ്ഞത്.

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1074 ആയി. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 33,000 കവിഞ്ഞു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത്. ഇവിടെ രോഗികളുടെ എണ്ണം പതിനായിരമായി.