pic

തിരുവനന്തപുരം: കോൺഗ്രസ് നേതവും ആറ്റിങ്ങൽ എം.പിയുമായ അടൂർ പ്രകാശിനെതിരെ ലോക്ക് ഡൗൺ ചട്ടം ലംഘിച്ചതിന് പൊലീസ് കേസെടുത്തു. നെടുമങ്ങാട് ലോക്ക്ഡൗൺ ചട്ടം ലംഘിച്ച് ഭക്ഷ്യകിറ്റ് വിതരണം ചെയ്തതിനാണ് പൊലീസ് കേസ് രജിസ്ടർ ചെയ്തിരിക്കുന്നത്. പരിപാടിയിൽ ഇരുന്നൂറിലേറെ പേർ പങ്കെടുത്തെന്നാണ് പൊലീസ് പറയുന്നത്.അ‌ഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടരുതെന്ന ഉത്തരവ് ലംഘിച്ചതിനാണ് കേസ്. അതേസമയം താൻ ലോക്ക് ഡൗൺ ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും അടൂർ പ്രകാശ് എം.പി ആരോപിച്ചു.

നെടുമങ്ങാട് കോടതിക്ക് മുന്നില്‍ ഇന്ന് രാവിലെയാണ് ലോയേഴ്സ് കോണ്‍ഗ്രസ് ഭക്ഷ്യകിറ്റ് വിതരണം സംഘടിപ്പിച്ചത്. അടൂര്‍ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ സംഘാടകരെ കൂടാതെ എണ്‍പതിലേറെപ്പേര്‍ പങ്കെടുത്തു. സാമൂഹിക അകലമോ സുരക്ഷാനടപടികളോ പാലിച്ചില്ലെന്ന് ആരോപിച്ചാണ് എം.പിയ്ക്കും കണ്ടാലറിയാവുന്ന പത്തിലേറെപ്പേര്‍ക്കുമെതിരെ നെടുമങ്ങാട് പൊലീസ് കേസെടുത്തിരിക്കുന്നത്.

അതേസമയം സമാനരീതിയില്‍ പരിപാടി സംഘടിപ്പിച്ചിട്ടും മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുത്തില്ലെന്നതാണ് കോണ്‍ഗ്രസിനെ ചൊടിപ്പിക്കുന്നത്. പോത്തന്‍കോട് സ്കൂളില്‍ വിദ്യാര്‍ഥികളില്‍ നിന്ന് ദുരിതാശ്വാസഫണ്ട് സ്വീകരിച്ച പരിപാടിയില്‍ ലോക്ഡൗണ്‍ ലംഘനം നടന്നെന്ന് കാണിച്ച് കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാൽ പൊലീസ് കേസെടുത്തില്ല. കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് പോത്തന്‍കോട്, നെടുമങ്ങാട് പൊലീസ് സ്റ്റേഷനുകൾക്ക് മുന്നില്‍ ഡി.സി.സി ഭാരവാഹികള്‍ ഉപവാസം നടത്തി.