truck

ന്യൂയോർക്ക്: ന്യൂയോർക്കിൽ മൃതദേഹവുമായി സഞ്ചരിക്കുന്ന ട്രക്കുകൾ. ഇവയിൽ നിന്നും മലിന ജലം ഒഴുകുന്നത് കണ്ടതായും ദുർഗന്ധം വമിക്കുന്നതായും സമീപത്തു കൂടി കടന്നുപോയ വഴിയാത്രക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിലാണ് ട്രക്കുകളിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്തിയത്. ബ്രൂക്ക്‌ലിനിലുള്ള ആൻഡ്രൂ ടി ക്ലെക്‌ലെയ് എന്ന ഫ്യൂണറൽ ഹോം വാടകയ്ക്കെടുത്ത ട്രക്കുകളായിരുന്നു ഇവ. ഐസിൽ സൂക്ഷിച്ച നിലയിൽ 60 ലേറെ മൃതദേഹങ്ങളാണ് നാല് ട്രക്കുകളിൽ നിന്നും കണ്ടെത്തിയത്.

ശീതീകരിച്ച ട്രക്കുകളെത്തിച്ച് മൃതദേഹങ്ങൾ മാറ്റിയതായി പൊലീസ് അറിയിച്ചു. ഫ്യൂണറൽ ഹോമിലെ ഫ്രീസർ കേടായതാണ് മൃതദേഹങ്ങൾ ട്രക്കുകളിലേക്ക് മാറ്റാൻ കാരണമായതെന്നാണ് വിവരം. ഇവിടെ മൃതദേഹങ്ങൾ കൊണ്ട് നിറഞ്ഞ അവസ്ഥയിലാണുള്ളതെന്ന് അധികൃതർ പറയുന്നു. അതേസമയം, മൃതദേഹങ്ങൾ കൊവിഡ് ബാധിച്ച് മരിച്ചവരുടേത് തന്നെയാണോ എന്ന് വ്യക്തമല്ല. യു.എസിൽ കൊവിഡ് ഏറ്റവും നാശം വിതച്ചിരിക്കുന്ന ന്യൂയോർക്ക് സംസ്ഥാനത്ത് ദിനംപ്രതി നൂറുകണക്കിന് പേരാണ് മരിച്ചു വീഴുന്നത്.

ഇവിടുത്തെ ശ്മശാനങ്ങളും മോർച്ചറികളുമെല്ലാം നിറഞ്ഞ് കവിഞ്ഞ അവസ്ഥയിലാണ്. 18,000 ത്തിലേറെ പേർ ഇതുവരെ ന്യൂയോർക്കിൽ മാത്രം മരിച്ചതായാണ് കണക്ക്. ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത യു.എസിൽ പത്ത് ലക്ഷത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു.

ഫ്യൂണറൽ ഹോമുകളിൽ മൃതദേഹങ്ങൾ സുരക്ഷിതമായി വൃത്തിയുള്ള സാഹചര്യത്തിൽ സൂക്ഷിക്കണമെന്നും അണുബാധയ്ക്ക് കാരണമാകരുതെന്നും നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ബ്രൂക്ക്‌ലിനിൽ ബാഗിലാക്കിയ മൃതദേഹങ്ങൾ ഒന്നിനു മുകളിൽ ഒന്നായി ട്രക്കുകളിൽ നിറച്ച് സൂക്ഷിക്കുകയായിരുന്നുവെന്ന് ഫ്യൂണറൽ ഹോമിന്റെ സമീപവാസികൾ പറയുന്നു.