വർക്കല: ഇലകമൺ പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചൺ നടത്തിപ്പിൽ വ്യാപകമായ പിരിവുനടത്തി നാമമാത്രമായ ആളുകൾക്കു മാത്രം ആഹാരം നൽകിയെന്ന് ആരോപിച്ച് യുഡിഎഫ് അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റി യോഗം ബഹിഷ്കരിച്ചു. കമ്യൂണിറ്റി കിച്ചണിൽ നടക്കുന്ന അഴിമതികൾ പുറത്തുവരാതിരിക്കാൻ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരെ മാത്രമാണ് ഉൾപ്പെടുത്തിയതെന്നും കിച്ചൺ പൊതുസ്ഥലത്ത് പ്രവർത്തിപ്പിക്കുന്നതിന് പകരം ഇലകമൺ വാർഡിലെ ഒരു വീട്ടിലാണ് ഒരുക്കിയതെന്നും ഇത് സങ്കുചിത താൽപര്യക്കാരുടെ തന്നിഷ്ടപ്രകാരമാണ്. കൊവിഡുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവ് പ്രകാരം വാർഡ് കമ്മിറ്റികൾ ചേരാതെ പഞ്ചായത്തുവക പച്ചക്കറി വിത്ത് വിതരണം പാർട്ടി അനുഭാവികളെ ഏൽപ്പിച്ചതായും പ്രതിപക്ഷ അംഗങ്ങളായ കോൺഗ്രസിലെ എം. ഷൈജി, ഷീല, സജിയ എന്നിവർ ആരോപിച്ചു.