കുവൈറ്റ്: കുവൈറ്റിലെ അടുത്ത ഇന്ത്യൻ സ്ഥാനപതിയായി പാലാക്കാരനായ ഐ.എഫ്.എസ് ഉദ്യോഗസ്ഥൻ സിബി ജോർജ് നിയമിതനായേക്കും. കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയം നിരവധി രാജ്യങ്ങളിലെ സ്ഥാനപതിമാരെ പുനർ നിയമിച്ചിരുന്നു. ആ കൂട്ടത്തിലാണ് സിബിയുടെയും നിയമനമെന്നാണ് അറിയുന്നത്. കുവൈറ്റിലെ സ്ഥാനപതി കെ. ജീവസാഗർ അടുത്ത മാസം അവസാനത്തോടെ വിരമിക്കുകയാണ്.
യു.എസ്.എയിലും സൗദി അറേബ്യയിലും, ഇറാനിലും ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ചുമതലയും സിബി ജോർജ് വഹിച്ചിട്ടുണ്ട്. ഡൽഹിയിൽ വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് ഈസ്റ്റ് ഏഷ്യാ ഡിവിഷനിലും ഇന്തോ, ആഫ്രിക്കാ ഫോറം സമ്മിറ്റിന്റെയും കോ-ഓർഡിനേറ്ററുമായിരുന്നു. അറബി ഭാഷയിൽ നല്ല പ്രാവീണ്യം നേടിയിട്ടുണ്ട്.
1993 ബാച്ചിലെ ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ സിബി, കെയ്‌റോ, ദോഹ, ഇസ്ലാമാബാദ്, വാഷിംഗ്ടൺ, ടെഹ്റാൻ, റിയാദ് എന്നിവിടങ്ങളിലെ എംബസികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. റിയാദിലെ ഇന്ത്യൻ എംബസി മിഷൻ ഡെപ്യൂട്ടി ചീഫായി പ്രവർത്തിച്ച ഇദ്ദേഹത്തിന് 2014ൽ മികച്ച വിദേശകാര്യ സേവനത്തിനുള്ള എസ്.കെ. സിംഗ് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
പാലാ റബർ മാർക്കറ്റിംഗ് സൊസൈറ്റിയുടെ സെക്രട്ടറിയും സി.ഇ.ഒയുമായിരുന്ന പി.ടി. ജോർജിന്റെയും അമ്മിണിയുടെയും മകനാണ് സിബി ജോർജ്. 1967ൽ ജനിച്ച സിബിയുടെ വിദ്യാഭ്യാസം, പാലാ സെന്റ് വിൻസെന്റ് സ്‌കൂൾ, പാലാ സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു. കയ്‌റോയിലെ അമേരിക്കൻ യൂണിവേഴ്സിറ്റിയിലായിരുന്ന് ഉപരിപഠനം.