നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിലും തമിഴ്നാട് ബോർഡറിലെ പ്രദേശത്തും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനും രോഗവ്യാപനം തടയുന്നതിനു വേണ്ട പ്രവർത്തനങ്ങൾ കർശനമാക്കി. ഇതിലേക്കായി കളക്ടർറുടെ സാന്നിദ്ധ്യത്തിൽ ഇന്നലെ നെയ്യാറ്റിൻകര റസ്റ്റ് ഹൗസിൽ ആലോചനാ യോഗം ചേർന്നു. ആരോഗ്യ പ്രവർത്തകർ, തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രതിനിധികൾ, പൊലീസ്, ഫയർഫോഴ്‌സ്, റവന്യൂ, പി.ഡബ്ല്യു.ഡി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.

പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനായി നെയ്യാറ്റിൻകര താലൂക്ക് ഓഫീസിൽ കൊവിഡ് ഹെൽപ്പ് ലൈനും ആരംഭിച്ചു. നെയ്യാറ്റിൻകര പത്താംകല്ല് സ്വദേശിയായ രോഗിയുമായി സമ്പർക്കത്തിൽ ഏർപെട്ടവരുടെ പട്ടിക തയ്യാറാക്കുന്ന ജോലികൾ ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം രോഗിയുടെ താമസ സ്ഥലത്തിന് സമീപം ബോധവത്കരണ പ്രവർത്തനങ്ങൾ നടത്താനും തീരുമാനമായി.

അന്യ സംസ്ഥാനങ്ങളിൽ നിന്നും ഭക്ഷ്യധാന്യം, മലക്കറി, മറ്റ് അത്യാവശ്യ സാധനങ്ങൾ കയറ്റിവരുന്ന വാഹനങ്ങളിലെ ഡ്രൈവർമാരെ കർശന പരിശോധനക്ക് വിധേയമാക്കും.

നെയ്യാറ്റിൻകര എസ്.ഐ, നെയ്യാറ്റിൻകര ജനറൽ ആശുപത്രി സൂപ്രണ്ട് , ഹെൽത്ത് ഇൻസ്‌പെക്ടർമാർ എന്നിവരടങ്ങുന്ന 6 അംഗ കമ്മിറ്റിയെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുവാൻ ചുമതലപ്പെടുത്തി. ഡെപ്യൂട്ടി തഹസിൽദാർ ശിവകുമാർ ആയിരിക്കും കൊവിഡ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. ഫോൺ -9567609040