പാലക്കാട്: പാലക്കാട് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന അഞ്ചു പേര്‍ രോഗമുക്തി നേടി. മാര്‍ച്ച് 25 ന് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ പ്രവേശിച്ച കോട്ടോപ്പാടം സ്വദേശി(33), ഏപ്രില്‍ 21ന് രോഗം സ്ഥിരീകരിച്ച യു.പി സ്വദേശി(18) ,പുതുപ്പരിയാരം കാവില്‍പാട്(42) , വിളയൂര്‍(23), മലപ്പുറം ഒതുക്കുങ്കല്‍(18) സ്വദേശികളുമാണ് ജില്ലാ ആശുപത്രിയില്‍ നിന്നും രോഗമുക്തരായി വീടുകളിലേക്ക് മടങ്ങുന്നത്.
ഇവരുടെ സാമ്പിള്‍ പരിശോധനയില്‍ തുടര്‍ച്ചയായി രണ്ടുതവണ കൊവിഡ് നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു. കോട്ടോപ്പാടം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ച ശേഷം തുടര്‍ച്ചയായി നെഗറ്റീവ് ഫലം ലഭിക്കാത്തതിനാല്‍ എട്ടു തവണ സാമ്പിള്‍ പരിശോധന നടത്തേണ്ടി വന്നിരുന്നു. ഏപ്രില്‍ 27, 30 തീയതികളില്‍ നടത്തിയ പരിശോധനകളില്‍ ആണ് നെഗറ്റീവ് ഫലം വന്നത്.
ആശുപത്രി വിടുന്നവരോട് വീട്ടില്‍ 14 ദിവസം കൂടി നിരീക്ഷണത്തില്‍ തുടരണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. നിലവില്‍ ഏപ്രില്‍ 21ന് രോഗം സ്ഥിരീകരിച്ച കുഴല്‍മന്ദം സ്വദേശി(30) മാത്രമാണ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഏപ്രില്‍ 29ന് രോഗം സ്ഥിരീകരിച്ച പാലക്കാട് ആലത്തൂര്‍ സ്വദേശി ഇടുക്കിയിലാണ് ചികിത്സയിൽ കഴിയുന്നത്.