മാലി : മാലി ദ്വീപിൽ ആദ്യ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. തലസ്ഥാന നഗരമായ മാലിയിൽ 83 വയസുള്ള സ്ത്രീയാണ് മരണത്തിന് കീഴടങ്ങിയതെന്ന് ആരോഗ്യമന്ത്രി അബ്ദുള്ള അമീൻ അറിയിച്ചു. മാർച്ച് 7ന് ഒരു ടൂറിസ്റ്റ് റിസോർട്ടിലാണ് ആദ്യമായി ഇവിടെ കൊവിഡ് ബാധ കണ്ടെത്തിയത്. ഇവിടെ നിന്നും പെട്ടെന്ന് തന്നെ ഉറവിടം കണ്ടെത്താനാവാത്ത വിധം രോഗം വ്യാപിക്കുകയായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ 28 കേസുകൾ കൂടി മാലി ദ്വീപിൽ റിപ്പോർട്ട് ചെയ്തു. ഇതേവരെ 280 പേർക്കാണ് മാലി ദ്വീപിൽ കൊവിഡ് ബാധ കണ്ടെത്തിയത്.